20 May, 2025 04:35:49 PM


എംജി ബിഎഡ് ഏകജാലക പ്രവേശനം; ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം



കോട്ടയം: എം ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ്  ചെയ്ത  ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വര്‍ഷ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍(cap.mgu.ac.in) ആരംഭിച്ചു.
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. സര്‍വകലാശാലയാണ് അലോട്ട്മെന്‍റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതത് കമ്മ്യൂണിറ്റിയില്‍പെട്ട എയ്ഡഡ്  കോളേജുകളില്‍   മാത്രമേ അപേക്ഷ നല്‍കാന്‍ കഴിയൂ.
മാനേജ്മെന്‍റ്, സ്പോര്‍ട്സ്, ഭിന്നശേഷി ക്വാട്ടകളില്‍ പ്രവേശനത്തിന് അപേക്ഷകര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ക്യാപ് അപേക്ഷാ നമ്പര്‍ കോളജുകളില്‍ നല്‍കണം. ഏകജാലക സംവിധാനത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരെ മാത്രമേ മാനേജ്മെന്‍റ് ക്വാട്ടയില്‍ പരിഗണിക്കൂ. 

സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് അപ് ലോഡ് ചെയ്യണം.  പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ്ഇബിസി, ഒഇ സി വിഭാഗക്കാര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ നല്‍കണം. ഇ ഡബ്ള്യു എസ് സംവരണാനുകൂല്യം വേണ്ടവര്‍ റവന്യു അധികാരിയില്‍ നിന്നുമുള്ള ഇന്‍കം ആന്‍ഡ് അസെറ്റ്സ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. എന്‍.സി.സി, എന്‍.എസ്.എസ് ബോണസ് മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ ബിരുദ തലത്തിലെ സാക്ഷ്യപത്രമാണ്   സമര്‍പ്പിക്കേണ്ടത്. 

വിമുക്ത ഭടന്‍മാരുടെയും ജവാന്‍മാരുടെയും ആശ്രിതര്‍ക്ക് അര്‍ഹമായ ബോണസ് മാര്‍ക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം.  ഇതിനായി ആര്‍മി, നേവി, എയര്‍ ഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.വിവിധ പ്രോഗ്രാമുകളിലേക്ക് കോളേജുകളില്‍ അടയ്ക്കേണ്ട ഫീസിന്‍റെ വിവരങ്ങള്‍ വെബ് സൈറ്റില്‍. 
ആപ്ലിക്കേഷന്‍ ഫീസ് പൊതു വിഭാഗത്തിന് 1300 രൂപയും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 650 രൂപയുമാണ്. ഓണ്‍ലൈന്‍ അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ cap.mgu.ac.in ല്‍ ലഭിക്കും. ഫോണ്‍- 0481-2733511, 0481-2733521, 0481-2733518. ഇമെയില്‍- bedcap@mgu.ac.in


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K