25 February, 2026 07:07:36 PM


എം.ജി സർവകലാശാലയിൽ ഇൻഡോർ സ്റ്റേഡിയത്തിന്‍റെയും സ്‌പോർട്‌സ് കോംപ്ലക്‌സിന്‍റെയും ഉദ്ഘാടനം നാളെ



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ സൂസൺ മേബിൾ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമാണോദ്ഘാടനം  സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാളെ(ഫെബ്രുവരി 26)നിർവഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് സർവകലാശാലാ അസംബ്ലി ഹാളിൽ ചേരുന്ന ചടങ്ങിൽ വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യ പ്രഭാഷണം നടത്തും. ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനവും സർവകലാശാലയിലെ നാലു വർഷ ബിരുദ വിദ്യാർഥികൾക്ക് കോട്ടയം അക്ഷര മ്യൂസിയവുമായി സഹകരിച്ച് ഇന്റേൺഷിപ്പിന് സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ധാരണാപത്രം ഒപ്പുവയ്ക്കലും ഇതോടനുബന്ധിച്ചു നടക്കും.

 സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, അഡ്വ. റെജി സക്കറിയ, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻറ് അഡ്വ. പി.കെ. ഹരികുമാർ, കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ബൈജു വർഗീസ് ഗുരുക്കൾ, സർവകലാശാലാ രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, റിസർച്ച് ആൻഡ് ഡവലപ്‌മെൻറ് ഡയറക്ടർ ഡോ. കെ. ജയചന്ദ്രൻ എന്നിവർ സംസാരിക്കും.

ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിൻറ് ഒ.ജെ. സജി, പഞ്ചായത്തംഗം മറിയാമ്മ മാത്യു തുടങ്ങിയവർ പങ്കെടുക്കും. ​കിഫ്ബി വഴി​ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയവും സ്‌പോർട്‌സ് കോംപ്ലക്‌സും സജ്ജീകരിക്കുന്നതിന് 47.81 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്. ത്രോ  ഇനങ്ങളിലും വോളിബോളിലും മികവു തെളിയിച്ച മുൻകാല കായിക താരമായിരുന്ന സൂസൺ മേബിളിന്റെ പേരാണ് പദ്ധതിക്ക് നൽകിയിരിക്കുന്നത്. രാജ്യാന്തര തലത്തിൽ ഉൾപ്പെടെ നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള മഹാത്മാ ഗാന്ധി സർവകലാശാലയുടെയും കോട്ടയം ജില്ലയുടെയും കായിക മുന്നേറ്റത്തിന് ഊർജ്ജം പകരുന്ന പദ്ധതിയാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913