05 December, 2025 06:54:07 PM
1.09 കോടിയുടെ ഇന്ത്യ നോര്‍വീജിയന്‍ ഗവേഷണ പദ്ധതി എംജി സര്‍വ്വകലാശാലയ്ക്ക്

കോട്ടയം: മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ സ്കീം ഫോര്‍ പ്രമോഷന്‍ ഓഫ് അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് കൊളാബറേഷന്‍ പദ്ധതിയില്‍ 1.09 കോടി രൂപയുടെ ഇന്ത്യ നോര്‍വീജിയന്‍ സംയുക്ത ഗവേഷണ പദ്ധതി കരസ്ഥമാക്കി എം ജി സര്‍വകലാശാല. സ്റ്റിറോയ്ഡ് ഹോര്‍മോണുകളും അവയുടെ മെറ്റബോളൈറ്റുകളും ജല ആവാസ വ്യവസ്ഥയ്ക്കും ജീവിവര്‍ഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഉണ്ടാക്കുന്ന ഭീഷണി വിലയിരുത്താനുള്ള ഒരു 'വണ്‍ ഹെല്‍ത്ത് സമീപനം' സംബന്ധിച്ചാണ് ഗവേഷണം. മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.സി.ടി അരവിന്ദകുമാര്‍ ഇന്ത്യന്‍ ഗവേഷക സംഘത്തിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായും സര്‍വ്വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സീനിയര്‍ സയന്‍റിസ്റ്റ് ഡോ. ഗൗതം ചന്ദ്ര, കുസാറ്റിലെ പ്രൊഫ. ഉഷ കെ. അരവിന്ദ് എന്നിവര്‍ ഇന്ത്യന്‍ കോ ഇന്‍വെസ്റ്റിഗേറ്റര്‍മാരായും പ്രവര്‍ത്തിക്കും. വിദേശ ഗവേഷക സംഘത്തെ നയിക്കുന്നത് നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയന്‍സസിലെ പ്രൊഫ. റോളണ്ട് കലന്‍ബോണ്‍ ആണ്. യൂണിവേഴ്സിറ്റി ഓഫ് ഔളു ,ഫിൻലൻഡിലെപ്രൊഫ. അര്‍ജ റൗഡിയോ വിദേശ കോ ഇന്‍വെസ്റ്റിഗേറ്റര്‍ ആയി പ്രവര്‍ത്തിക്കും.




