11 August, 2026 04:36:05 PM
മനുഷ്യാവകാശവും സാമൂഹിക നയങ്ങളും: എം.ജി.യു.വിൽ അന്താരാഷ്ട്ര അക്കാദമിക് സെഷൻ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് (എസ്.ഐ.ആർ.പി.), യു.എസ്.-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ "മനുഷ്യാവകാശവും സാമൂഹിക നയങ്ങളും" എന്ന വിഷയത്തിൽ അന്താരാഷ്ട്ര അക്കാദമിക് സെഷൻ സംഘടിപ്പിച്ചു. ഫ്രീഡം 250 പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ വിദ്യാർഥികളും ഗവേഷകരും അധ്യാപകരും പങ്കെടുത്തു.
നാലുതവണ ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് നേടിയ പ്രൊഫ. ജോസഫ് എം. വ്രോങ്ക മുഖ്യപ്രഭാഷണം നടത്തി. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയും ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സ്കൂൾസ് ഓഫ് സോഷ്യൽ വർക്കിലെ പ്രൊഫസറും അമേരിക്കയിലെ സ്പ്രിംഗ്ഫീൽഡ് കോളേജിലെ പ്രൊഫസർ എമിറിറ്റസുമാണ് അദ്ദേഹം.
ഇന്ത്യയുടെയും അമേരിക്കയുടെയും അനുഭവങ്ങൾ താരതമ്യപ്പെടുത്തിക്കൊണ്ട് മനുഷ്യാവകാശം, സാമൂഹിക നീതി, സാമൂഹിക നയങ്ങൾ എന്നിവയുടെ പരസ്പരബന്ധം പ്രൊഫ. വ്രോങ്ക വിശദീകരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനും സാമൂഹിക നീതിക്കും ആഗോള കാഴ്ചപ്പാടും പ്രാദേശിക പ്രവർത്തനവുമാണ് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബൽ സിറ്റിസൻഷിപ്പ് വളർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.ഐ.ആർ.പി ഡയറക്ടർ പ്രൊഫ. സി. വിനോദൻ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശം, സാമൂഹിക നീതി, നയരൂപീകരണം തുടങ്ങിയ വിഷയങ്ങളിൽ അക്കാദമിക് സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എസ്.ഐ.ആർ.പി. സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായാണ് ഈ സെഷൻ നടത്തിയത്.




