20 August, 2026 07:15:49 PM


മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ 'ഒന്നിച്ചോണം 2026'



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ 'ഒന്നിച്ചോണം 2026' ഓണാഘോഷം സംഘടിപ്പിച്ചു. വ്യാഴാഴ്ച സര്‍വകലാശാലാ ക്യാമ്പസില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഡി. മാവൂതു ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ എം.എല്‍.എ.  നാട്ടകം സുരേഷ് വിശിഷ്ടാതിഥിയായി.

ജാതിമത ഭേദമന്യേ ഏവരെയും ഒന്നിച്ചുചേര്‍ക്കുന്ന കൂട്ടായ്മയുടെയും ഉള്‍ക്കൊള്ളലിന്‍റെയും  മാതൃകയാണ് ഓണമെന്ന് വൈസ് ചാന്‍സലര്‍ ഓണസന്ദേശത്തില്‍ പറഞ്ഞു. കാലത്തിനും പരിസ്ഥിതിക്കും അനുസരിച്ച് ആഘോഷരീതികളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഓണം ഉള്‍കൊള്ളുന്ന മൂല്യത്തിന് മാറ്റമുണ്ടായിട്ടില്ല.  പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സന്തോഷം കണ്ടെത്താനുള്ള മലയാളിയുടെ മനസ്സ് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 

കോട്ടയത്തിന്‍റെ വിവധ മേഖലകളില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കിടയിലാണ് ഇത്തവണത്തെ ഓണാഘോഷമെന്ന് എം. എല്‍. എ. നാട്ടകം സുരേഷ് പറഞ്ഞു. ഇന്ന് വലിയ വെല്ലുവിളികള്‍ നമ്മള്‍ നേരിടുന്നുണ്ടെങ്കിലും നല്ല നാളെയുടെ പ്രതീക്ഷയാണ് ഓണം പങ്കുവെക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജോബിന്‍ ജോസ്, ഡോ. രാജേഷ് കോമത്ത്, ഡോ. റോബിനറ്റ് ജേക്കബ്, ഡോ. ഐസണ്‍ വി വഞ്ചിപ്പുരക്കല്‍, മിസ്സ്. ആന്‍ സെബാസ്റ്റ്യന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി. എം. ശ്രീജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ. (ഡോ.) ബിനു ജോര്‍ജ്ജ് വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. ഓണാഘോഷത്തിന്‍റെ ഭാഗമായി കലാമണ്ഡലം സംഗീത് ചാക്യാര്‍ അവതരിപ്പിച്ച 'ചാക്യാര്‍കൂത്ത്' അരങ്ങേറി.  തുടര്‍ന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും ജീവനക്കാരും അണിനിരന്ന വിവിധ കലാപരിപാടികളും നടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307