03 November, 2025 06:11:16 PM


ബിനാലെ ഔട്ട് റീച്ച് പ്രോഗ്രാം നവംബര്‍ 5 ന് എം ജിയില്‍



കൊച്ചി: കൊച്ചി മുസിരിസ്  ബിനാലെയുടെ മുന്നോടിയായി കല.. കാലം ..കലാപം (Art...Time...Conflict) എന്ന വിഷയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പരമ്പരയിലെ ആദ്യ പരിപാടിക്ക്  എം ജി സര്‍വ്വകലാശാലയില്‍ നവംബര്‍ 5 ന് തുടക്കമാകും. 
കലയുടെ സാംസ്കാരിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന വേദി ആണിത്.

എം ജി സര്‍വകലാശാല ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക്കുമായി (IUCSSM) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ ഏകദിന പരിപാടി എംജി യൂണിവേഴ്സിറ്റി കണ്‍വര്‍ജന്‍സ് അക്കാഡമി കോംപ്ലക്സിലുള്ള സെമിനാര്‍ വേദിയിലാണ് നടക്കുന്നത്. കൂടിയാട്ടത്തെ  ആദ്യമായി പൊതു വേദിയില്‍ അവതരിപ്പിച്ച പൈങ്കുളം രാമചാക്യാരുടെ കലാവിപ്ലവത്തിന്‍റെ  76 വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പരിപാടി ആണിത്.

കലാമണ്ഡലത്തിലെ ആദ്യ ബാച്ചിലെ അദ്ദേഹത്തിന്‍റെ ശിഷ്യരായ കൂടിയാട്ട കലാകാരികളും കലാകാരന്മാരും ഇവിടെ ഒത്തു ചേരും.   രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ആര്‍ട്ട് ക്യൂറേറ്റര്‍ കൂടിയായ  കേളി രാമചന്ദ്രന്‍ ആമുഖഭാഷണം നടത്തും. IUCSSM ഡയറക്ടർ ഡോ ജയചന്ദ്രന്‍ കെ  അധ്യക്ഷനാകും. സംവാദ പരമ്പരയുടെ ഉദ്ഘാടനം എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍, ഡോ സി ടി അരവിന്ദകുമാര്‍ നിര്‍വഹിക്കും. കലാകൃത്തും കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്‍റുമായ ബോസ് കൃഷ്ണമാചാരി വിശിഷ്ടാതിഥിയായി ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. അഡ്വ. റെജി സക്കറിയ (സിന്‍ഡിക്കേറ്റ് അംഗം, എം.ജി. സര്‍വകലാശാല)
ഡോ. ബിജു പി .ആര്‍ (DCDC എം ജി സര്‍വകലാശാല) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡോ ഹരികുമാര്‍ എസ്. നന്ദി രേഖപ്പെടുത്തും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 11.15ന് കലാമണ്ഡലം കൃഷ്ണേന്ദുവും സംഘവും അവതരിപ്പിക്കുന്ന നങ്യാര്‍കൂത്ത് വേദിയില്‍ അവതരിപ്പിക്കും. ഉച്ചക്ക് 1.30 ന്  അനന്തകൃഷ്ണന്‍ (ബഹു വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം), ഡോ അജു കെ. നാരായണന്‍ (പ്രൊഫസര്‍, സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, എം.ജി സര്‍വകലാശാല) എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഉച്ചക്ക് 2.30 ന് രാമചക്യാരുടെ ആദ്യ ശിഷ്യരായ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം രാമചക്യാര്‍(ജൂനിയര്‍), കലാമണ്ഡലം ഗിരിജ, കലാ മണ്ഡലം ഈശ്വരന്‍ ഉണ്ണി, കലാമണ്ഡലം ഷൈലജ എന്നിവരെ ആദരിക്കും.  തുടര്‍ന്ന്, ഗുരുസ്മരണയും കലാവതരണങ്ങളും വേദിയില്‍ അരങ്ങേറും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301