26 January, 2026 06:54:54 PM


എം.ജി. സർവകലാശാലയിൽ 'എജ്യുവിഷൻ 2035' അന്താരാഷ്ട്ര വിദ്യാഭ്യാസ സംഗമത്തിന് തുടക്കം



കോട്ടയം: 'എജ്യുവിഷൻ 2035' - മഹാത്മാഗാന്ധി സർവകലാശാലയിലെ ദ്വിദിന അന്താരാഷ്ട്ര വിദ്യാഭ്യാസ സംഗമവും അലുമ്നി മീറ്റും സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സമകാലിക സാമൂഹിക ആവശ്യങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് മികവിലൂടെ കേരളത്തിലെ സർവകലാശാലകൾ ആഗോള തലത്തിൽ ശ്രദ്ധ നേടുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും അത് സംസ്ഥാനത്തിന് അഭിമാനകരമാണെന്നും മന്ത്രി വ്യക്തമാക്കി.

എം.ജി. സർവകലാശാലയിൽ ഇതുവരെ സർക്കാർ 400 കോടി രൂപയിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, ക്യാമ്പസിൽ കായിക മേഖലയുമായി ബന്ധപ്പെട്ട വൻ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സർവകലാശാലയുടെ Institutional Development Plan (IDP) വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. ടി. അരവിന്ദകുമാറിന് കൈമാറി മന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച വൈസ് ചാൻസലർ സർവകലാശാലകൾ ബഹുമുഖ (മൾട്ടിഡിസിപ്ലിനറി) സ്ഥാപനങ്ങളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഒരു സർക്കാർ മെഡിക്കൽ കോളേജും എൻജിനീയറിംഗ് കോളേജും സർവകലാശാലയോട് ബന്ധിപ്പിക്കുന്നതിനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചതായും, തെരഞ്ഞെടുക്കപ്പെട്ട അഫിലിയേറ്റഡ് കോളേജുകളിൽ  ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടന്ന ചടങ്ങിൽ മുൻ എം.പി. ഡോ. പി. കെ. ബിജു, സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ, സെനറ്റ് അംഗം ശ്രീ സുരേഷ് എം. എസ്., ചലച്ചിത്ര സംവിധായകൻ ശ്രീ ജയരാജ്, പ്രൊഫ. പി. ആർ. ബിജു, എം.ജി.യു. അലുംനി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജിൻ ജോസ്, ശ്രീ മിഥുൻ എം. എസ്., ഡോ. പി. മനോജ് എന്നിവർ സംസാരിച്ചു.

 സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളായ അക്കാദമീഷ്യന്മാർ, നയരൂപീകരണ വിദഗ്ധർ , വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ സംഗമം നാളെ സമാപിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919