12 September, 2026 06:50:04 PM


എം.ജി.യു.വിൽ ഇന്റർഡിസിപ്ലിനറി ഹാക്കത്തോൺ



കോട്ടയം: സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2026-ന്റെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാലയിൽ ഇന്റർഡിസിപ്ലിനറി ഹാക്കത്തോൺ സംഘടിപ്പിച്ചു. സർവകലാശാലയിൽ നടക്കുന്ന ആദ്യ ഹാക്കത്തോണാണിത്. ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ, സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ്, സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, സ്കൂൾ ഓഫ് ഡാറ്റ അനലിറ്റിക്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 9, 10 തീയതികളിലായിരുന്നു പരിപാടി.

വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂതു ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഗിരീഷ് കുമാർ ജി.എസ്., ഡോ. രാജേഷ് കോമത്ത്, ഡോ. ആതിര പ്രകാശ്, സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് മേധാവി പ്രൊഫ. (ഡോ.) ബിന്ദു വി.ആർ., സ്കൂൾ ഓഫ് കമ്പ്യൂട്ടർസയൻസ് ഡയറക്ടർ പ്രൊഫ. (ഡോ.) ജ്യോതിഷ, ഇൻകുബേഷൻ സെന്റർ ഡയറക്ടർ പ്രൊഫ. (ഡോ.) രാധാകൃഷ്ണൻ ഇ.കെ., ടി. ബി. ഐ. മാനേജർ നിധീഷ് എം. തുടങ്ങിയവർ സംസാരിച്ചു.

ഹാക്കത്തോണിൽ 26 ഇന്റർഡിസിപ്ലിനറി ടീമുകൾ പങ്കെടുത്തു. ഓരോ ടീമിലും ആറ് വിദ്യാർഥികളും ഒരു ഫാക്കൽറ്റി മെന്ററും ഉൾപ്പെട്ടു. നാലുവർഷ ബിരുദ, ബിരുദാനന്തര ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ സോഷ്യൽ വർക്ക്, ബയോസയൻസസ്, കൗൺസലിംഗ്, ഫുഡ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, ഡാറ്റ അനലിറ്റിക്സ്, പ്ലാന്റ് സയൻസ്, മാനേജ്മെന്റ്, സോഷ്യൽ സയൻസസ്, ഡാറ്റാ സയൻസ്, ഇക്കണോമിക്സ്, ഫിസിക്സ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവർ അണിചേർന്നു.

പ്രശ്നനിർണയം, ടീം രൂപീകരണം, ആശയരൂപീകരണം, പരിഹാര വികസനം, അവതരണം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ടീമുകൾ മുന്നേറിയത്. വിവിധ വിഷയങ്ങളിലെ അറിവുകളും കാഴ്ചപ്പാടുകളും സംയോജിപ്പിച്ച് യഥാർഥ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് ഹാക്കത്തോൺ ലക്ഷ്യമിട്ടത്.

ഫാക്കൽറ്റി മെന്റർമാരുടെയും വിദഗ്ധരുടെയും പിന്തുണയോടെയാണ് പരിപാടി നടന്നത്. ഹാക്കത്തോണിൽ വികസിപ്പിച്ച മികച്ച ആശയങ്ങൾ തുടർന്നുള്ള ഘട്ടങ്ങളിൽ മെന്ററിംഗ്, പ്രോട്ടോടൈപ്പ് വികസനം, വാലിഡേഷൻ, ബൗദ്ധിക സ്വത്തവകാശ രജിസ്ട്രേഷൻ പിന്തുണ, ഇൻകുബേഷൻ, ഫണ്ടിംഗ് എന്നിവയിലൂടെ പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911