07 August, 2016 01:28:01 PM


അനാവശ്യ ചിലവുകള്‍ കുറയ്ക്കാം ; വീട് നിർമ്മാണം കൈപിടിയിലൊതുക്കാം

സ്വന്തമായി മനോഹരമായ ഒരു വീട് വയ്ക്കുക... ഏവരുടെയും സ്വപ്നമാണിത്. പക്ഷെ ചിലവ് - മനസിൽ വിചാരിച്ച തുകയ്ക്ക് പലപ്പോഴും നിർമ്മാണം പൂർത്തിയാകില്ല. മാത്രമല്ല, കടം മേടിച്ചും ലോണെടുത്തും കാര്യങ്ങൾ ആകെ താറുമാറായി പണി തീരാത്ത വീടു നോക്കിയിരിക്കുന്ന അവസ്ഥയാണ് ഏറെയും സംഭവിക്കുക. ചിലവ് കുറച്ച് വീട് വയ്ക്കാൻ ഒരുങ്ങുകയാണെങ്കിൽ താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഏറെ നല്ലതാണ്.



ചെറിയ വീട് :

നമ്മുക്ക് ചുറ്റും ശ്രദ്ധിച്ചാൽ മനസിലാകും പലവീടുകളും ആഡംബരം കാണിക്കാൻ വേണ്ടി പണിത് വച്ചിരിക്കുന്നവയാണെന്ന്. ആവശ്യങ്ങൾ അറിഞ്ഞുള്ള വീടാണ് നല്ലത്. അനാവശ്യമായി ഒന്നും വേണ്ട. 2,200 സ്ക്വയർഫീറ്റിൽ കൂടുതൽ വീട് പണിയേണ്ട ആവശ്യം ഒരു സാധാരണ കുടുംബത്തിനില്ല.


ലളിതമായ ഡിസൈൻ :

ആവശ്യമില്ലാത്ത കോർണറുകളും വച്ചു പിടിപ്പിക്കലും ഒഴിവാക്കാം. ലളിതമായ ഡിസൈനാണെങ്കിൽ വ‍ൃത്തിയാക്കാൻ എളുപ്പവുമാണ്. 


ഒാപൻ ഫ്ളോർ പ്ലാൻ :

ഭിത്തികൾ കൊണ്ട് നിറഞ്ഞ വീടിനെക്കാൾ നല്ലത് തുറന്ന സ്ഥലം നിറഞ്ഞ ഡിസൈൻ തന്നെ. ഡൈനിങ് -ലിവിങ് സ്ഥലങ്ങൾ തുറന്നിരിക്കട്ടെ. വീടിനുള്ളിൽ ഉള്ളതിൽ കൂടുതൽ സ്ഥലം തോന്നിക്കുകയും ചെയ്യും.




നിർമ്മാണ സാമഗ്രികൾ :

നിർമ്മാണ സാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ശ്രദ്ധ ആവശ്യമാണ്. പോക്കറ്റിലൊതുങ്ങുന്ന തരത്തിൽ കൃത്യമായ പ്ലാനിംഗോടെ ആവശ്യങ്ങൾ മനസിലാക്കി തിരഞ്ഞെടുക്കണമെന്ന് മാത്രം. നിർമ്മാണ സ്ഥലത്ത് ലഭ്യമായ വസ്തുക്കളും ഉപയോഗിക്കാം.


ലളിതമായ അലങ്കാരങ്ങൾ :

വീടിന് പുറം ഭാഗം കൊത്തുപണികളും വിലകൂടിയ അലങ്കാര പണികളും ചെയ്യേണ്ട കാര്യമുണ്ടോ ? പുറം ഭംഗിക്ക് ചെത്തിമിനുക്കിയ ഡിസൈനുകൾ തീർത്ത് പൊടിപിടിച്ച് വൃത്തിയാക്കാന്‍ ബുദ്ധിമുട്ടി കഴിയുന്ന പലരും നമുക്ക് ചുറ്റും ഉണ്ട്. വീടിനുള്ളിലെ സൗകര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. പുറം മോടിയിലല്ല കാര്യം.


വില കുറവ്, ഗുണം മെച്ചം :

വീടു പണി എങ്ങനെയെങ്കിലും പൂർത്തിയായാലും അതിലും തലവേദനയാണ് ഇന്റീരിയർ ഒരുക്കുന്നതിന്. ലൈറ്റുകളും ഫർണിച്ചറുകൾക്കുമെല്ലാം തീപിടിച്ച വിലയാണ്. ഏതെങ്കിലും ഷോറുമിൽ നിന്ന് തീവിലകൊടുത്ത് കണ്ണടച്ചു വാങ്ങാതെ ഈ കാര്യത്തിൽ കുറച്ച് അന്വേഷണങ്ങൾ നടത്തിയാൽ വലിയ തോതിൽ പണം ലാഭിക്കാം. നമ്മുടെ ആവശ്യം മനസിൽ ഉറപ്പിച്ച ശേഷം ഒാൺലൈൻ സൈറ്റുകളിലൂടെ ഒന്ന് തപ്പിനോക്കിയാൽ ചിലപ്പോൾ വൻ വിലക്കുറവിൽ സാമഗ്രികൾ ലഭിക്കും.



ആർഭാടം വേണ്ട :

പുറം മോടി ഉപേക്ഷിക്കുന്ന പോലെ തന്നെ ഒഴിവാക്കേണ്ട കാര്യമാണ് വീടിന് അകത്ത് ആവശ്യത്തിൽ കൂടുതൽ ഫർണിച്ചറുകൾ വലിച്ചുവാരിനിറയ്ക്കുന്നത്.‌ ഫർണിച്ചർ കുത്തിനിറയ്ക്കുന്നതിലൂടെ വീടിന് ഭംഗി കൂടുകയില്ല. എല്ലായിടവും ഒരേ പോലെ ഫിനിഷ് ചെയ്യണം എന്ന വാശിയൊന്നും നിശ്ചിത ബജറ്റിൽ വീടുപണിയുമ്പോൾ വേണ്ട. അപ്രധാനസ്ഥലളിൽ അതിനനുസരിച്ചുള്ള സാമഗ്രികൾ കൊണ്ടാകണം നിർമ്മാണം.




ഫർണിച്ചർ തീമിന് അനുസരിച്ച് :

നിങ്ങളുടെ സുഹൃത്ത് വീട് പണിതപ്പോൾ ഫർണിച്ചർ മേടിച്ച കടയിൽ നിന്നു തന്നെയാണ് നിങ്ങളും ഫർണിച്ചർ മേടിച്ചത് എന്ന് പറയുന്നതിൽ എന്ത് മേന്മയാണുള്ളത്? വിലകൂടിയ ഫർണിച്ചർ മേടിച്ച് ദിവസവും നെടുവീർപ്പെടുന്നതിനെക്കാൾ നല്ലത് നിങ്ങൾക്കിഷ്ടമുള്ളത് സ്വന്തമാക്കുന്നതല്ലേ? ആവശ്യങ്ങൾ മനസിലാക്കി അതിനനുസരിച്ചുള്ള ഫർണിച്ചർ നിർമ്മിച്ച് എടുക്കുന്നതാണ് ഏറ്റവും നല്ലത്. അതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും സംതൃപ്തിയോടെ വീടിനുള്ളിലേക്ക് നോക്കാം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 13K