19 June, 2026 06:45:30 PM


എം ജി പി.ജി / ബി.എഡ് ക്യാപ്: ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു



കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ 2026-27 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ, ബി.എഡ്. കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്‍റെ (CAP)  ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് തങ്ങളുടെ അപേക്ഷാനമ്പറും പാസ്വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.

ലോഗിന്‍ ചെയ്ത ശേഷം ഏതെങ്കിലും കോളേജ് നിങ്ങളുടെ ഓപ്ഷനുകള്‍ക്കു നേരെ  'വില്ലിങ്നെസ്' രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നിരന്തരം പരിശോധിക്കേണ്ടതാണ്. ലഭിച്ച ഓപ്ഷന്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണെന്ന് ഉറപ്പാണെങ്കില്‍ മാത്രം 'അക്സപ്റ്റന്‍സ്' രേഖപ്പെടുത്തുക. താല്‍പ്പര്യമില്ലാത്ത കോളേജോ കോഴ്സോ ആണ് ലഭിക്കുന്നതെങ്കില്‍ 'അക്സപ്റ്റന്‍സ്' രേഖപ്പെടുത്തേണ്ടതില്ല. ഇങ്ങനെയുള്ളവര്‍ക്ക് മറ്റു കോളേജുകളില്‍ നിന്നുള്ള വില്ലിങ്നെസിനായി കാത്തിരിക്കാവുന്നതാണ്. കൂടാതെ, ജൂണ്‍ 26-ന് ആരംഭിക്കുന്ന രണ്ടാം അലോട്ട്മെന്‍റിലും ഇവര്‍ക്ക് പങ്കെടുക്കാം.

'അക്സപ്റ്റന്‍സ്' രേഖപ്പെടുത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ഫീസ് അടയ്ക്കുകയും, തുടര്‍ന്ന് അലോട്ട്മെന്‍റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ജൂണ്‍ 24 നുള്ളില്‍ ബന്ധപ്പെട്ട കോളേജില്‍ അഡ്മിഷന്‍ നേടേണ്ടതുമാണ്. സര്‍വകലാശാലാ ഫീസ് അടച്ച് അലോട്ട്മെന്‍റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ 'അക്സപ്റ്റന്‍സ്' റദ്ദാക്കാനോ മാറ്റാനോ സാധിക്കുകയില്ല. 

അബദ്ധത്തില്‍ 'അക്സപ്റ്റന്‍സ്' രേഖപ്പെടുത്തിയാല്‍ സര്‍വകലാശാലാ ഫീസ് അടയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ന്ന് ബന്ധപ്പെട്ട കോളേജിന് ഇ-മെയില്‍ അയച്ച് അത് നിരസിക്കാന്‍ (റിജക്ട്) അഭ്യര്‍ത്ഥിക്കേണ്ടതാണ്. കോളേജ് അധികൃതര്‍ നിങ്ങളുടെ അക്സപ്റ്റന്‍സ് നിരസിക്കുന്നതോടെ മറ്റു ഓപ്ഷനുകള്‍ നിങ്ങളുടെ പ്രൊഫൈലില്‍ തിരിച്ചുവരും.

നിലവില്‍ പ്രവേശനം നേടിയവര്‍ക്കും, പ്രവേശനം ലഭിക്കാത്തവര്‍ക്കും, പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ജൂണ്‍ 26ന് ആരംഭിക്കുന്ന രണ്ടാം അലോട്ട്മെന്‍റില്‍ പങ്കെടുക്കാവുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302