19 December, 2015 09:47:37 AM
കാന്‍സറില്‍ നിന്നും പൂര്‍ണമായും മോചനം ലഭിച്ചു: ഇന്നസെന്‍റ്

തൃശൂര്‍: കാൻസറിൽ നിന്നും പൂർണമായി മോചിതനായെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും ഇന്നസെന്‍റ് എം.പി. രോഗം മാറി എല്ലാവർക്കും മുന്നിലെത്താൻ സാധിച്ചതിൽ സന്തോഷം. രണ്ടാമതും കാൻസർ ബാധിതനായപ്പോൾ ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ എന്ന് സംശയിച്ചിരുന്നു. അവസാനം നടത്തിയ സ്കാനിങിന്‍റെ ഫലത്തിൽ ശരീരത്തിൽ കാൻസറിന്‍റെ അംശം പോലും ബാക്കിയില്ലെന്നാണ് പറയുന്നത്.
രോഗിയായ തന്‍റെ മുന്നിൽ വെച്ച് നടത്തുന്ന പ്രാർഥനകൾ ആത്മവിശ്വാസത്തേക്കാൾ തനിക്ക് നിരാശയാണ് നൽകുന്നത്. എന്‍റെ സന്തോഷവും ആത്മവിശ്വാസവും വീണ്ടെടുക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടത്. ദില്ലി എയിംസിൽ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്ന തന്‍റെ മടിയിൽ ആറുമാസം പോലും തികയാത്ത കുട്ടികളെ ഇരുത്തി ഫോട്ടോയെടുപ്പിക്കാനായിരുന്നു മാതാപിതാക്കൾക്ക് താൽപര്യം. എന്‍റെ രോഗാവസ്ഥയെക്കുറിച്ചോ രോഗം അതിജീവിച്ചാണ് വരുന്നത് എന്നതിനെക്കുറിച്ചോ അവർ ചിന്തിച്ചില്ല എന്നും ഇന്നസെന്‍റ് പറഞ്ഞു.
രോഗം മൂലം മാസങ്ങളായി പൊതുരംഗത്ത് നിന്ന് വിട്ട് നിന്ന ഇന്നസെന്‍റ് ചാലക്കുടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.