23 August, 2023 10:10:08 AM
തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; പ്രതികൾ റിമാൻഡിൽ
മലപ്പുറം: തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിലെ പ്രതികൾ റിമാൻഡിൽ. പ്രതികളെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു, ഇയാളുടെ രണ്ടു സഹോദരങ്ങൾ, അച്ഛൻ, സുഹൃത്ത് തുടങ്ങി അഞ്ചു പേരാണ് അറസ്റ്റിലായിരുന്നത്. മഞ്ചേരി കോടതി റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കും.
കൊലപാതകം നടന്ന ദിവസവും പ്രതി കോൺഗ്രസ് നേതാക്കളോടൊപ്പമുണ്ടായിരുന്നു. അന്വേഷണം വഴിതെറ്റിയ്ക്കുന്നതിനായി രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. സ്വർണം വിൽപ്പന നടത്തിയ തുവ്വൂരിലെ ജ്വല്ലറികളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
അതേസമയം സുജിതയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നടത്താനിരുന്ന പൊലീസ് സ്റ്റേഷൻ മാർച്ച് ഒഴിവാക്കിയിട്ടു. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാകമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.