30 October, 2023 08:41:13 AM
വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ പരിക്കേറ്റ അദ്ധ്യാപകനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കുറ്റിപ്പുറം : പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ പരിക്കേറ്റ അദ്ധ്യാപകനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ കുണ്ടില്‍ചോലയില്‍ സജീഷിനെ (46)യാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും വയറിനും വേദന കൂടിയതിനെ തുടര്‍ന്നാണ് അദ്ധ്യാപകനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാൻ അടക്കമുള്ള പരിശോധനകളില്‍ വയറിനു താഴെ നീര്‍ക്കെട്ടുള്ളതായി കണ്ടെത്തി. വിദ്യാര്‍ഥി അദ്ധ്യാപകനെ ചവിട്ടി താഴെയിട്ട ശേഷം ഷൂസിട്ട് അദ്ധ്യാപകന്റെ വയറിന്റെ ഇടതുവശത്ത് ചവിട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ഭാഗത്ത് നീര്‍ക്കെട്ട് വന്നത്. വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ അദ്ധ്യാപകന്റെ ഇടതു കൈക്കുഴ വേര്‍പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് വളാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.
സ്വന്തം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 17കാരാനാണ് കഴിഞ്ഞ ദിവസം സജീഷിനെ മര്‍ദിച്ച് പരുക്കേല്‍പിച്ചത്. സബ്ജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ ഡാൻസ് പ്രാക്‌ടീസ് ചെയ്യുന്നിടത്ത് അനാവശ്യമായി കറങ്ങി നടന്നത് ചോദ്യം ചെയ്തതും പ്രിൻസിപ്പലിന്റെ മുന്നില്‍ എത്തിച്ചതിനുമാണ് 17കാരൻ അദ്ധ്യാപകനെ ദേഹോപദ്രവം ചെയ്തത്. ഓഫിസിനു മുന്നിലിട്ട് അദ്ധ്യാപകനെ മര്‍ദിക്കുമ്ബോള്‍ പിടിക്കാനെത്തിയ അദ്ധ്യാപികമാരും താഴെ വീണു. അദ്ധ്യാപകന്റെ കൈ പിന്നിലേക്ക് പിടിച്ച് പുറത്ത് ചവിട്ടിയപ്പോഴാണ് കൈക്കുഴ വേര്‍പെട്ടത്.