02 August, 2023 03:46:15 PM


താനൂരിലെ കസ്റ്റഡി മരണം: ജിഫ്രിയുടെ ശരീരത്തില്‍ മർദ്ദനമേറ്റതിന്‍റെ പാടുകൾ



മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ പാടുകൾ. വയറിനകത്തു നിന്ന് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി. ക്രൈം ബ്രാഞ്ച് എസ്പിയ്ക്ക് കേസിന്‍റെ അന്വേഷണ ചുമതല നൽകി. 

കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം നാലര മണിക്കൂറാണ് നീണ്ടു നിന്നത്. താമിർ ജിഫ്രിയുടെ ദേഹത്ത് പരുക്കേറ്റ 13 പാടുകളുണ്ട്. മുതുക് ഭാഗത്ത്‌ ചതഞ്ഞ രൂപത്തിൽ 5 പാടുകളും കാലിന് പിൻ ഭാഗത്തായി ചെറുതായി ചതഞ്ഞ 3 പാടുകളും ഇടത് കാലിന്‍റെ അടിഭാഗത്ത് അടിയേറ്റു ചതഞ്ഞ പാടുകളുമുണ്ട്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ ഉരഞ്ഞപാടുകളുമുണ്ട്.

മുറിവുകളിൽ പലതിനും പഴക്കമുണ്ടെന്നാണ് നിഗമനം. ഇയാളുടെ വയറ്റിൽ നിന്ന് രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ വിഴുങ്ങിയത് ആകാനാണ് സാധ്യത. ഇത് വിശദമായ രാസ പരിശോധന നടത്തും. മരണ കാരണവും ഇതുവരെ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ പുലർച്ചെ നാലരയോടെയാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഷർട്ടും അടിവസ്ത്രവും മാത്രമാണ് ആശുപത്രിയിലെത്തിയ്ക്കുമ്പോൾ ധരിച്ചിരുന്നത്. മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K