25 August, 2023 11:41:18 AM


തുവ്വൂര്‍ കൊലപാതകം: തെളിവെടുപ്പിനിടെ പ്രതിയെ മര്‍ദിക്കാന്‍ ശ്രമം



മലപ്പുറം: തുവ്വൂര്‍ കൊലപാതക കേസില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം. കൊല്ലപ്പെട്ട സുജിതയുടെ വീട്ടിലും സ്വര്‍ണം വിറ്റ കടകളിലും പ്രതി വിഷ്ണുവിനെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിനിടെ പ്രതി വിഷ്ണുവിനെ മര്‍ദിക്കാന്‍ ശ്രമം നടന്നു. പൊലീസ് ഇടപെട്ടാണ് പ്രതിയെ കയ്യേറ്റത്തില്‍ നിന്ന് രക്ഷിച്ചത്.

തുവ്വൂര്‍ സ്വദേശിനി സുജിതയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രതി വിഷ്ണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വിഷ്ണുവിന് പുറമേ ഇയാളുടെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് മുഹമ്മദ് ഷിഹാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അഞ്ച് പേരും നിലവില്‍ റിമാന്‍ഡിലാണ്.

ഓഗസ്റ്റ് പതിനൊന്നിനാണ് സുജിതയെ വിഷ്ണു കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനിടെ പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

സതീശന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും പ്രതിപക്ഷ സ്ഥാനത്തിരുന്ന് ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റെ എ എ റഹീം എം പി പറഞ്ഞു. വിഷയത്തില്‍ സതീശന്‍ മാപ്പ് പറയണമെന്നും റഹീം ആവശ്യപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K