28 July, 2023 03:58:53 PM


സുലൈഖ കൊലക്കേസ്: ഉമ്മയെ കൊലപ്പെടുത്തിയവന് കൊലക്കയർ നൽകണം- ഉപ്പയെ നോക്കി മക്കൾ



മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ. പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയർ തന്നെ നൽകണമെന്ന് മക്കൾ പറഞ്ഞു. 

സുലൈഖ കൊലക്കേസിൽ ഭർത്താവ് കൂടിയായ പ്രതി യൂനുസ് കോയയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. വിദേശത്തു നിന്നും എത്തിയതിന്‍റെ അടുത്ത ദിവസമായിരുന്നു കൊലപാതകം. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം.

നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്ത് വൻപൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പിനിടെ കൊലപാതകത്തെ കുറിച്ച് പ്രതി വിശദീകരിച്ചു. കുടുംബാംഗങ്ങൾ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. 

കനത്ത ശിക്ഷ നൽകണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. അതിനിടെ പ്രതിക്ക് നേരെ വളരെ കടുത്ത രോഷപ്രകടനവുമുണ്ടായി. തെളിവെടുപ്പിനിടെ സങ്കടം സഹിക്കാനാവാതെ മൂന്ന് കുട്ടികളും വിങ്ങിപ്പൊട്ടി. ഉമ്മയെ കൊലപ്പെടുത്തിയവന് കൊലക്കയർ നൽകണമെന്ന് മക്കൾ പറഞ്ഞു. ഭാര്യയെ കൊന്നതിന്റെവിശദാംശങ്ങൾ യൂനുസ് കോയ പൊലീസിനോട് വിശദീകരിച്ചു. 

ജനത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ (36)കൊല്ലപ്പെട്ടത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് യൂനുസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. 

സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന ഇയാൾ മൂന്നുവർഷം മുമ്പാണ് വിദേശത്തേയ്ക്ക് പോയത്. പല തവണയായി സുലൈഖയെ ഉപദ്രവിച്ചിരുന്നു. ഇവർ കുറെ വർഷങ്ങളായി അകന്നാണ് കഴിഞ്ഞിരുന്നത്. 

ആറുമാസം മുമ്പ് പ്രതി കുപ്പിയിൽ പെട്രോൾ നിറച്ച്‌കൊണ്ടുവന്ന് സ്വയം മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും നാട്ടുകാർ ചേർന്ന് ഒത്തു തീർപ്പാക്കി. പിന്നീട് ഗൾഫിലായിരുന്ന യൂനുസ് കോയ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവശേഷം വീടിന് സമീപത്തെ കനോലി കനാൽ നീന്തി പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K