30 October, 2023 07:28:28 PM
ആയിരം രൂപ കൈക്കൂലി; മലപ്പുറത്ത് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ പിടികൂടിയത്.
കൈവശവകാശ രേഖ നൽകുന്നതിനായി ബിജു എൽ സി എന്ന വഴിക്കടവ് സ്വദേശിയായ വ്യക്തിയോട് ആയിരം രൂപയാണ് വില്ലേജ് ഓഫീസറായ സമീർ കൈക്കൂലി വാങ്ങിയത്. എന്നാൽ ബിജു വിവരം വിജിലൻസ് സംഘത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്‍റെ നേതൃത്വത്തിലാണ് ഇന്ന് വിജിലൻസ് സംഘം വഴിക്കടവ് വില്ലേജ് ഓഫീസിൽ എത്തിയത്.
എന്നാൽ വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തുള്ളത് അറിയാതെ വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുകയായിരുന്നു. പിന്നാലെ വില്ലേജ് ഓഫീസറുടെ മുറിയിൽ കയറിയ വിജിലൻസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.