12 April, 2017 07:15:54 PM


വിഷുക്കണി ഒരുക്കുന്നതെങ്ങനെ?

by ആത്മജവർമ തമ്പുരാൻ

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവ് ചിലയിടങ്ങളിൽ ഉണ്ട്. സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്. കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ. ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.
ഓട്ടുരുളിയിലും മറ്റു കണിയൊരുക്കുകളിലും കൊന്നപ്പൂക്കൾ വിതറണം. കൊന്നപ്പൂങ്കുലയും വയ്‌ക്കാം. കണി കണ്ടു തൊഴുത ശേഷം ഓട്ടുരുളിയുടെ വക്കു പിടിച്ചു കണി പൂർണമായും കാണണം എന്നാ ണു ചിട്ട. പ്രപഞ്ച പ്രതീകമാണ് ഓട്ടുരുളിയിലെ കണി. അതുനൽകുന്ന ഊർജം ശരീരത്തിലേക്കു പ്രവഹിക്കാനാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K