19 January, 2025 10:51:58 AM
അതിരമ്പുഴ തിരുനാളിന് കൊടിയേറി; പേപ്പൽ പതാക ഉയർത്തി ഇടവകാംഗങ്ങളും

ഏറ്റുമാനൂർ: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ ആറിന് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർഥനക്കും ശേഷം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റി. അസിസ്റ്റൻ്റ് വികാരിമാരായ ഫാ. നവീൻ മാമൂട്ടിൽ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. ജോബി മംഗലത്ത്കരോട്ട്, ഫാ. അലക്സ് വടശേരിൽ, മോൺ. ഫാ. ജോർജ് പുതുശേരിൽ എന്നിവർ സഹകാർമികരായി.
ഇടവക പള്ളിയിൽ കൊടിയേറ്റിയതിനൊപ്പം ഇടവകയിലെ 2500ലേറെ വരുന്ന കുടുംബങ്ങളിലും പേപ്പൽ പതാക ഉയർത്തി.
നാളെ രാവിലെ 7.30ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ പ്രശസ്തമായ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന് തിരുസ്വരൂപവുമായി ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം. തുടർന്ന് തിരുസ്വരൂപം ചെറിയപള്ളിയിൽ പ്രതിഷ്ഠിക്കും. ദേശക്കഴുന്ന് നാളെ മുതൽ 23 വരെ നടക്കും.
24ന് വൈകുന്നേരം 4.15ന് ഇടവകാംഗങ്ങളായ വൈദികർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. ആറിന് വലിയപള്ളിയിൽ നിന്ന് നഗരപ്രദക്ഷിണം ആരംഭിക്കും. 101 പൊൻകുരിശുകൾ പ്രദക്ഷിണത്തിന് അകമ്പടിയേകും. 7.45ന് വലിയപള്ളിയിൽ നിന്ന് രണ്ടാമത്തെ പ്രദക്ഷിണം ആരംഭിക്കും. 8.15ന് ചെറിയപള്ളിക്കു മുന്നിൽ പ്രദക്ഷിണ സംഗമം നടക്കും. സംയുക്ത പ്രദക്ഷിണം ചെറിയപള്ളി ചുറ്റി വിശുദ്ധ സെബസ്ത്യാനോസിൻ്റ തിരുസ്വരൂപവും സംവഹിച്ച് വലിയപള്ളിയിലെത്തി 9.15ന് സമാപിക്കും.
25ന് രാവിലെ 10.30 ന് ബിഷപ് മാർ ജേക്കബ് മുരിക്കൻ റാസ അർപ്പിക്കും. വൈകുന്നേരം 5.30ന് 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം വലിയപള്ളിയിൽ നിന്ന് ആരംഭിക്കും. വലിയപള്ളിക്കും ചെറിയപള്ളിക്കും വലംവച്ച് രാത്രി 7.45ന് പ്രദക്ഷിണം വലിയപള്ളിയിൽ തിരികെയെത്തി സമാപിക്കും.
ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണം നടക്കും. രാത്രി 6.30ന് വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം നടക്കും. തുടർന്ന് കൊടിയിറക്കിയ ശേഷം തിരുസ്വരൂപം മദ്ബഹയിൽ പുന:പ്രതിഷ്ഠയ്ക്കുന്നതോടെ തിരുനാൾ സമാപിക്കും.
25ന് ബിഷപ് മാർ ജേക്കബ് മുരിക്കനും 26ന് ആർച്ച്ബിഷപ് എമരിത്തസ് മാർ ജോസഫ് പെരുന്തോട്ടവും ബിഷപ് മാർ ജോയി ആലപ്പാട്ടും 28ന് ആർച്ച്ബിഷപ് മാർ തോമസ് തറയിലും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.