16 January, 2025 07:18:58 PM
അതിരമ്പുഴ തിരുനാളിന് 19ന് കൊടിയേറും; പ്രധാന തിരുനാൾ 24, 25 തീയതികളിൽ
കോട്ടയം: അതിരമ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ വി. സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ ജനുവരി 19-ാം തീയതി കൊടികയറി ഫെബ്രുവരി 1 ന് അവസാനിക്കും. പള്ളിയുടെ 4 അതിർത്തി ദേശങ്ങളിൽ നിന്നും ആരംഭിച്ച് രാത്രി 9 മണിയോടെ അവസാനിക്കുന്ന ദേശക്കഴുന്ന് പ്രദക്ഷിണങ്ങൾ തിരുനാളിൻ്റെ പ്രത്യേകതയാണ്. 19-ാം തീയതി കൊടി കയറുന്ന ദിവസം ആദ്യ കഴുന്ന് പ്രദക്ഷിണം വേദഗിരി സ്പിന്നിംഗ് മില്ലിൽ നിന്നും ആരംഭിച്ച് പള്ളിയിൽ അവസാനിക്കും.
തിരുന്നാളിന് കൊടി കയറ്റുന്നതോടൊപ്പംതന്നെ ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും വീടിൻ്റെ മുൻഭാഗത്ത് പേപ്പൽ ഫ്ളാഗ് ഉയർത്തി എല്ലാ ഇടവകാഗംങ്ങളും ആഘോഷങ്ങളോടു കണ്ണി ചേരുന്നു. ഇത് ഈ വർഷത്തെ ഒരു പ്രത്യേകതയാണ്.
പരമ്പരാഗത അകമ്പടി ഉപകരണങ്ങളായ കൊടി, മുത്തുക്കുട, ചുരുട്ടി, തഴക്കുട, ആലവട്ടം, വെഞ്ചാമരം, തീവെട്ടി തുടങ്ങിയവയുടെ അകമ്പടിയോടെ നടത്തുന്ന പട്ടണ പ്രദക്ഷിണം 24-ാം തീയതി വൈകുന്നേരം 6 മണിക്ക് പള്ളിയിൽ നിന്നും ആരംഭിക്കുന്നു. പൊൻ വെള്ളി കുരിശുകളും വർണ്ണക്കൂടകളുമായി ഭക്തജനങ്ങൾ അകമ്പടിയേകും. ചന്തക്കുളത്തിന് സമീപമുള്ള പെണ്ണാർ തോട്ടിൽ താല്ക്കാലികമായി ഉണ്ടാക്കുന്ന പാലത്തിലൂടെ വിശുദ്ധരുടെ രൂപങ്ങൾ ചന്തക്കുളത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് എത്തുമ്പോൾ തൊഴിലാളികൾ കൊടുക്കുന്ന ആദരവും വണക്കവും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന കാഴ്‌ചകളാണ്. ആഘോഷമായി 6.45 ന് ടൗൺ കപ്പേളയിൽ എത്തിക്കുന്ന വി. കന്യകാമറിയത്തിൻ്റെയും, അന്തോനീസിന്റെയും രൂപങ്ങൾ പ്രത്യേക പീഠങ്ങളിൽ പ്രതിഷ്‌ഠിച്ചു പ്രാർത്ഥനകൾ നടത്തും.
7.45 pm ആവുമ്പോൾ വലിയ പള്ളിയിൽ നിന്നും ഉണ്ണിമിശിഹായുടെ രൂപവും സംവഹിച്ചുകൊണ്ടുള്ള 2-മത്തെ പ്രദക്ഷിണം ആരംഭിക്കുന്നു. 8.15ന് കൊച്ചുപള്ളിയുടെ മുൻവശത്ത് രണ്ടു പ്രദക്ഷിണങ്ങളും സംഗമിക്കുമ്പോൾ അതിരമ്പുഴപള്ളി പരിസരവും ചുറ്റുപാടുകളും ജനസാഗരമായി മാറും. ഈ രണ്ടു പ്രദക്ഷണങ്ങളും ഒന്നുചേർന്ന് ചെറിയ പള്ളിക്കു വലം വച്ച് ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വി. സെബസ്ത്യാനോസിന്റെ രൂപവുമായി വലിയ പള്ളിയിലെത്തി പട്ടണപ്രദക്ഷിണം സമാപിക്കും.
25-ാം തീയതിയാണ് പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം. 22 വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും തിരുസ്വരൂപങ്ങൾ നിര നിരയായി വി. ജോൺ പോൾ II നഗറിലൂടെ കടന്നുവന്ന് കൊച്ചുപള്ളി ചുറ്റി തിരികെ പള്ളിയിലെത്തി സമാപിക്കും.
ഫെബ്രുവരി മാസം 1-ാം തീയതി വൈകുന്നേരം 6.30ന് വി. സെബസ്ത്യാനോസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടു നടത്തുന്ന പ്രദക്ഷിണം വലിയപള്ളി ചുറ്റി പള്ളിയിലെത്തി പുനഃപ്രതിഷ്ഠ നടത്തുമ്പോൾ ഈ വർഷത്തെ തിരുനാളാഘോഷത്തിന് സമാപനമാകും.