12 April, 2025 12:04:34 PM


വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വടക്കുപുറത്തുപാട്ട് നാളെ സമാപിക്കും



വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഏപ്രില്‍ 2 മുതൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ സമാപിക്കും. ഞായറാഴ്ച 10 മണിയോടെ കളം ഭക്തര്‍ക്കായി തുറക്കും. ഭക്തര്‍ നെല്‍പറ, മഞ്ഞള്‍പറ എന്നിവ ചൊരിഞ്ഞ് ദേവിയെ സ്തുതിക്കും. വൈകുന്നേരം കളത്തില്‍ തിരി ഉഴിച്ചില്‍ നടക്കും. ദീപാരാധനയ്‌ക്കുശേഷം കൊച്ചാലുംചുവട്ടില്‍ നിന്ന് കൊടുങ്ങല്ലൂരമ്മയെ 64 കുത്തുവിളക്കുകളുടെ അകമ്പടിയോടെ, വാദ്യമേള സഹിതം പാട്ടുപുരയിലേക്കാനയിക്കും. വൈക്കത്തപ്പനും കൊടുങ്ങല്ലൂരമ്മയും ചേര്‍ന്നുള്ള എഴുന്നള്ളത്തിനുശേഷം കളം പൂജ നടക്കും. തുടര്‍ന്ന് കളംപാട്ടും കളം മായ്‌ക്കലും.

നാളെ ക്ഷേത്രാങ്കണത്തില്‍ ദേശഗുരുതി നടക്കും. ഇനി ഒരു വ്യാഴവട്ടം കാത്തിരിക്കണം വടക്കുപുറത്തുപാട്ടിന്. മീനമാസത്തിലെ ചിത്തിരനാളില്‍ ആരംഭിച്ച കോടി ' അര്‍ച്ചനയ്‌ക്കും അത്തം നാളില്‍ പര്യവസാനമാവും. ആദ്യ നാലുനാള്‍ എട്ട് കൈകള്‍, പിന്നീടുള്ള നാലു നാളുകള്‍ 16 കൈകള്‍, അടുത്ത മൂന്നു ദിനങ്ങള്‍ 32 കൈകള്‍ എന്ന ക്രമത്തില്‍ വരച്ച കളങ്ങള്‍ കണ്ടുതൊഴാനും കളംപാട്ട് കേള്‍ക്കാനും കഴിഞ്ഞ 27 ദിവസങ്ങളിലായി ലക്ഷക്കണക്കിനു ഭക്തരാണ് വൈക്കത്തപ്പന്റെ തിരുസന്നിധിയിലെത്തിയത്. പാട്ട് കാലംകൂടുന്ന നാളെ 64 തൃക്കൈകള്‍ ആയുധമേന്തി വേതാള കണ്ഠസ്ഥിതയായ ഭദ്രകാളിയുടെ പഞ്ചവര്‍ണക്കളമാണ് വരയ്‌ക്കുക. 64 കലാകാരന്മാരാണ് ദേവിയുടെ കളം തീര്‍ക്കുക.

12 വര്‍ഷത്തിലൊരിക്കല്‍ മീനഭരണിയുടെ പിറ്റേന്നു മുതല്‍ 12 ദിവസം കളമെഴുത്തുംപാട്ടും എതിരേല്‍പും താലപ്പൊലിയും ഗുരുതിയും നടത്തണമെന്ന അരുളപ്പാടുണ്ടായി. തുടര്‍ന്നാണു വൈക്കം ക്ഷേത്രത്തില്‍ വടക്കുപുറത്തു പാട്ട് ആരംഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954