04 December, 2024 06:22:59 PM


ആരാധനാവകാശത്തെ ബാധിക്കും; ശബരിമലയില്‍ സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി



കൊച്ചി: ശബരിമലയില്‍ സമരം വിലക്കി ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഡോളി സമരങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ഥാനടനകേന്ദ്രമാണെന്നും സമരങ്ങള്‍ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡോളി സമരത്തില്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് വിശദീകരണം തേടിയിരുന്നു. ഡോളി സര്‍വീസിന് പ്രീപെയ്ഡ് സംവിധാനം കൊണ്ടുവരുന്നതിനെതിരായിരുന്നു തൊഴിലാളികള്‍ സമരം നടത്തിയത്. പതിനൊന്നുമണിക്കൂര്‍ നീണ്ട സമരം എഡിഎമ്മുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അവസാനിപ്പിച്ചു. ഈ മിന്നല്‍ പണിമുടക്കാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ രൂക്ഷവിമര്‍ശനത്തിന് കാരണമായത്. ഡോളി ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് തീര്‍ഥാനടകാലത്തിന് മുന്‍പ് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തില്‍ സമരം ചെയ്യുകയല്ല വേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പലരും ദിവസങ്ങളോ, ആഴ്ചകളോ എടുത്താണ് ശബരമലയില്‍ എത്തുന്നത്. പ്രായമായവരും നടക്കാന്‍ വയ്യാത്തവരും രോഗികളുമൊക്കെ അവിടെ വരുന്നുണ്ട്. ഇങ്ങനെ വരുന്നവര്‍ക്ക് ഡോളി സര്‍വീസ് കിട്ടിയില്ലെങ്കില്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. തീര്‍ഥാടകരെ കൊണ്ടുപോകില്ലെന്ന് പറയുന്നതും ഇറക്കിവിടുന്നതും അനുവദിക്കാന്‍ ആവില്ല. തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയുമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളി കൃഷ്ണന്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് ചോദിച്ചു. ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ സമരങ്ങളോ, പ്രതിഷേധങ്ങളോ പാടില്ല, ഭാവിയില്‍ ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് പൊലീസ് കോര്‍ഡിനേറ്ററും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണം. പമ്പയിലും സന്നിധാനത്തും സമരങ്ങളും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K