26 November, 2024 11:42:55 AM
ഏറ്റുമാനൂർ ഉത്സവത്തിന് ഫെബ്രുവരി 27 ന് കൊടിയേറും
ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 27 ന് കൊടിയേറും. മാർച്ച് 8 നാണ് ആറാട്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫെസ്റ്റിവൽ ഇൻഫർമേഷൻ സെന്റർ തുറന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഏഴരപൊന്നാന ദർശനം മാർച്ച് 6 നാണ്. ഉത്സവത്തിന്റെ ആദ്യനാൾ മുതൽ കേരളത്തിലെ എഴുന്നുള്ളിപ്പിന് പേരുകേട്ട ഗജവീരന്മാരും മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാർ, ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാർ, പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പദ്മശ്രീ ജയറാം, പെരുവനം പ്രകാശൻ മാരാർ എന്നിവരുടെ പഞ്ചാരിമേളവും പഞ്ചവാദ്യകുലപതികളുടെ മേളങ്ങളും പി എസ് വി നാട്യസംഘം കോട്ടയ്ക്കൽ കേരള കലാമണ്ഡലം എന്നിവരുടെ മേജർസെറ്റ് കഥകളിയും ഉണ്ടാവും. പ്രശസ്തരായ ഗായിക - ഗായകന്മാരുടെയും നൃത്തകരുടെയും നൃത്തസംഗീതവിസ്മയവും ഒത്തു ചേരുന്ന വിപുലമായ പരിപാടികളാണ് ഈ വർഷത്തെ ഉത്സവത്തിനുള്ളത്. ഉത്സവത്തിനോടനുബന്ധിച്ചു ഭക്തർക്ക് എഴുന്നുള്ളിപ്പ് ആനകൾ സ്പെഷ്യൽ മേളം, പഞ്ചവാദ്യം തകിൽ നാദസ്വരം എന്നിവ വഴിപാടായി സമ്മർപിക്കുന്നതിനുള്ള സൗകര്യം ഫെസ്റ്റിവൽ ഇൻഫർമേഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ടെന്ന് അഡ്മിസ്ട്രേറ്റീവ് ഓഫീസർ അരവിന്ദ് എസ് ജി നായർ അറിയിച്ചു.