06 May, 2025 09:34:17 PM
തെക്കോട്ടിറക്കം ആവേശമായി; കൗതുകം തീർത്ത് കുടമാറ്റം: വെടിക്കെട്ടിന് മണിക്കൂറുകൾ ബാക്കി
പി എം മുകുന്ദൻ

തൃശൂർ: മേളപ്പെരുമയിൽ തെക്കോട്ടിറക്കത്തിന് പിന്നാലെ കൗതുകവും വർണപ്പകിട്ടും തീർത്ത കുടമാറ്റത്തിന് പരിസമാപ്തി. വിവിധ നിറങ്ങളിലും തിളക്കത്തിലുമുള്ള കുടകളും എൽഇഡി പ്രകാശവും ദേവീദേവന്മാരുടെ കട്ടൗട്ടുകൾ നിറഞ്ഞതുമായ മനോഹരമായ കുടമാറ്റം പൂരാരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ഇതുപോലൊരു മനോഹര കാഴ്‌ച കാണാൻ പൂരപ്രേമികൾ ഇനി ഒരു കൊല്ലം കാത്തിരിക്കണം.
പാറമേക്കാവിന് വേണ്ടി ഗജരാജൻ ഗുരുവായൂർ നന്ദൻ തിടമ്പേറ്റി. തിരുവമ്പാടിയുടെ പൂരനായകൻ ചന്ദ്രശേഖരനൊപ്പം മറുവശത്ത് 15 ഗജവീരന്മാരും അണിനിരന്നതോടെയാണ് തെക്കോട്ടിറക്കം തുടങ്ങിയത്. ആദ്യം പാറമേക്കാവ് വിഭാഗമാണ് പുറത്തിറങ്ങിയത്. പിന്നാലെ തിരുവമ്പാടിയും. വൈകിട്ട് അഞ്ചിന് പാണ്ടിമേളം കൊട്ടിയാണ് തെക്കോട്ടിറക്കം തുടങ്ങിയത്. കോർപ്പറേഷന് മുന്നിലെ കൊച്ചി രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊണ്ടു. അപ്പോഴേക്കും തിരുവമ്പാടി വിഭാഗം ഗോപുരത്തിന് മുന്നിലെത്തി. തുടർന്നായിരുന്നു ജനസാഗരത്തെ ആനന്ദത്തിലാറാടിച്ച് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും.
പുലർച്ചെ നഗരത്തിലെത്തുന്ന ആദ്യ പൂരക്കാഴ്ചയായി കണിമംഗലം ശാസ്താവ് മേളഅകമ്പടിയോടെ വടക്കുംനാഥന്റെ സന്നിധിയിൽ ആദ്യമെത്തി. ഏഴരയോടെ തിരുവമ്പാടി പുറപ്പാട് എഴുന്നള്ളത്ത് നടന്നു. ഉച്ചയ്‌ക്ക് 12.15ഓടെ മണിയോടെ പാറമേക്കാവിന്റെ പുറപ്പാടും കഴിഞ്ഞു. 11.30ന് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യ മേളത്തിൽ തിരുവമ്പാടിക്ക് ചന്ദ്രശേഖരനാണ് തിടമ്പേറ്റിയത്. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് ഗജപ്രേമികളുടെ പ്രിയതാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.
ഉച്ചയ്ക്ക് രണ്ടോടെ വടക്കുംനാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250 കലാകാരന്മാരുടെ ഗംഭീര ഇലഞ്ഞിത്തറമേളം നടന്നു. നാളെ പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെയാണ് ഏവരും കാത്തിരിക്കുന്ന വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ പൂരാഘോഷം സമാപിക്കും.