21 June, 2023 04:27:07 PM
ഡ്രൈവര്‍ വിസയെന്ന പേരില്‍ ഒട്ടകത്തെ മേയ്ക്കുന്നതിനുള്ള വിസ നൽകി; പാലക്കാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: വിസ തട്ടിപ്പ് കേസില്‍ പാലക്കാട് സ്വദേശി അറസ്റ്റിൽ. ഒറ്റപ്പാലം ലക്കിടി സ്വദേശി പടിഞ്ഞാറക്കര ഇബ്രാഹീം ബാദുഷ (47) യെയാണ് പെരിന്തൽമണ്ണ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ വിസയെന്ന പേരില്‍ മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കുന്നതിനു വേണ്ടി വിസ അയച്ചുനൽകി 92,000 രൂപ കൈപ്പറ്റിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
എന്നാൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതി വടിവാള്‍ വീശുകയായിരുന്നു. പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുന്ന സമയം പ്രതിയും മകനും മറ്റുള്ളവരും ചേർന്ന് വടിവാൾ വീശി പെരിന്തൽമണ്ണ എസ് ഐയെയും സംഘത്തെയും അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൃത്യസമയത്ത് എസ് ഐ ഒഴിഞ്ഞു മാറിയതിനാൽ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
2022 സെപ്റ്റംബറിൽ ചെറുകര സ്വദേശിയായ യുവാവാണ് ഇബ്രാഹീം ബാദുഷയുടെ തട്ടിപ്പിനിരയായത്. വിദേശത്ത് പോയി ഒറ്റപ്പെട്ട നിലയിൽ മാനസിക നില തെറ്റിയ യുവാവ് പിന്നീട് കെ എം സി സിയുടെ സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു. പിന്നീട് പണം തിരിച്ചു കിട്ടുന്നതിനുവേണ്ടി യുവാവ് നിരന്തരം ശ്രമം നടത്തിയെങ്കിലും പ്രതിയിൽ നിന്നും പണം ലഭിച്ചിരുന്നില്ല. ഒറ്റപ്പാലം പത്തിരിപ്പാലയിലെ അനസ് എയർ ട്രാവൽസ് ഉടമ സക്കീറും കേസിൽ കൂട്ട് പ്രതിയാണ്. സക്കീർ ഇപ്പോൾ ഒളിവിലാണ്.
കൂടുതൽ പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. പ്രതിക്കെതിരെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻപ് കേസെടുത്തിട്ടുണ്ടായിരുന്നു.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിലും ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെരിന്തൽമണ്ണ ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പെരിന്തൽമണ്ണ എസ് എച്ച് ഒ പ്രേംജിത്ത് അറിയിച്ചു.