30 May, 2023 09:45:24 AM


രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വിളിച്ച് വരുത്തി; പണം തട്ടി, 3പേർ പിടിയിൽ



മലപ്പുറം: പെരിന്തൽമണ്ണയിൽ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന പരാതിയിൽ 3 പേർ അറസ്റ്റിൽ. സംഭവത്തിൽ യുവതിയടക്കം ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37 ), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ( 37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22 ) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്.

രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായും ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

പെരിന്തൽമണ്ണ സി ഐ പ്രേംജിത്ത്, എസ് ഐ ഷിജോ സി തങ്കച്ചൻ, എസ് സി പി ഓ ഷൗക്കത്ത്, രാകേഷ്, മിഥുൻ, സി പി ഒ സൽമാൻ പള്ളിയാൽ തൊടി, സജീർ മുതുകുർശ്ശി, അജിത്ത്, സൗമ്യ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി പ്രതികളെ റിമാന്‍റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K