07 January, 2023 12:08:50 PM
ഓണ്‍ലൈന്‍ ചൂതാട്ടം: വന്‍ ലാഭം നേടാമെന്ന് വാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍
മലപ്പുറം: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വന്‍ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളായ ദമ്പതികള്‍ പിടിയില്‍. പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് (24)എന്നിവരാണ് പിടിയിലായത്. ഗോവയിലുള്ള ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രത്തില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവര്‍ പണം തട്ടിയിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതില്‍ ആളുകളെ ചേര്‍ത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. തമിഴ്‌നാട് ഏര്‍വാടിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് മങ്കട എസ്.ഐ. സി.കെ.നൗഷാദും സംഘവും പ്രതികളെ കസ്റ്റഡിയിലെടുത്തത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നവംബറിലാണ് കേസിനാസ്പദമായ സംഭവം. വിഐപി ഇന്‍വെസ്റ്റ്‌മെന്‍റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പരാതിക്കാരിയുടെ നമ്പര്‍ കൂട്ടി ചേര്‍ത്ത് അത് വഴി ഗോവ കാസിനോയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു.
തുടര്‍ന്ന് ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം മങ്കട എസ്.ഐ സികെനൗഷാദിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇത്തരത്തില്‍ നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി നിരവധിയാളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തി.
തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്ന പൊന്‍മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത്, ഭാര്യാസഹോദരന്‍ മാവണ്ടിയൂര്‍ സ്വദേശി പട്ടര്‍മാര്‍തൊടി മുഹമ്മദ് റാഷിദ് എന്നിവരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു. റംലയുടെ സഹോദരന്‍ റാഷിദ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.