15 November, 2022 02:07:06 PM


അടയ്ക്കാവ്യാപാരി സിനിമാ നടനാകാനെത്തി; ഹണിട്രാപ്പിൽ കുടുക്കി 50 ലക്ഷം തട്ടിയ 19കാരി അറസ്റ്റിൽ



മലപ്പുറം: അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഹണി ട്രാപ്പിൽ കുടുക്കി പണവും സ്വർണവും ഉൾപ്പെടെ 50 ലക്ഷം തട്ടിയെടുത്ത കേസിൽ പെൺകുട്ടി അറസ്റ്റിൽ. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തി ആകാത്ത പെൺകുട്ടി, തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് കോടതി വഴി പൊലീസിന് പരാതി നൽകിയിരുന്നു.

തുടർന്ന് വ്യാപാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും പെൺകുട്ടി നൽകിയത് കള്ളക്കേസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ പങ്കാളിയായ പെൺകുട്ടിക്ക് എതിരെ നേരത്തേ കേസെടുത്തെങ്കിലും പ്രായപൂർത്തി ആകാത്തതിനാൽ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

പ്രായപൂർത്തി ആയതോടെ പെൺകുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദേശം നൽകിയതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പത്തൊൻപതുകാരിയെ ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കിയത്.

2019ൽ നടന്ന സംഭവത്തിൽ ഇതിനോടകം പ്രധാന പ്രതികളടക്കം 16 പേരെ അന്വേഷണ സംഘം പിടികൂടി. ചാലിശ്ശേരി സ്വദേശിയായ അടയ്ക്ക വ്യാപാരിയെയാണ് സിനിമയിൽ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് എടപ്പാളിലെ ലോഡ്ജിൽ എത്തിച്ച് മയക്കുമരുന്നു നൽകി തട്ടിക്കൊണ്ടുപോയി മർദിച്ചത്. ആഡംബര കാറും സ്വർണവും പണവും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K