28 July, 2022 12:29:25 PM


തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ



കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസ് ട്രയിനിൽ പാമ്പിനെ കണ്ട് പരിഭ്രാന്തരായി യാത്രക്കാർ. ഇന്നലെ രാത്രി ട്രയിൻ തിരൂരിൽ എത്തിയപ്പോള്‍ എസ് 5 സ്ളീപ്പര്‍ കമ്പാര്‍ട്ട്‌മെന്‍റിന്‍റെ 28, 31 എന്നീ ബെര്‍ത്തുകള്‍ക്കു സമീപം കണ്ണൂര്‍ സ്വദേശിയായ ഹൈറുന്നീസയും മറ്റൊരു യാത്രക്കാരിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ യാത്രക്കാർ ബഹളം വച്ചു. യാത്രക്കാരിലൊരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്നു പറഞ്ഞു ചിലർ ബഹളം വച്ചു. യാത്രക്കാരൻ ഉടനെ പാമ്പിന്‍റെ ദേഹത്തു നിന്നും വടിമാറ്റി. ഉടനെ പാമ്പ് കംപാർട്മെന്‍റിലൂടെ മുന്നോട്ടു പോയിയെങ്കിലും കണ്ടെത്താനായില്ല 


പിന്നാലെ ട്രെയിന്‍ 10.15ന് കോഴിക്കോട് സ്‌റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഇവരോട് ബാഗ് പരിശോധിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഫയര്‍ഫോഴ്‌സും വനശ്രീയില്‍ നിന്നെത്തിയ പാമ്പുപിടുത്തക്കാരും റെയില്‍വേ അധികൃതരും അരിച്ചുപെറുക്കിയിട്ടും ട്രെയിനില്‍ നിന്ന് പാമ്പിനെ കണ്ടെത്താനായില്ല. ഇത് ചേരയാണെന്ന് പാമ്പുപിടുത്തക്കാര്‍ സ്ഥിരീകരിച്ചു. ഇതിനിടെ കമ്പാര്‍ട്ട്‌മെന്‍റിലെ ഒരു ദ്വാരത്തിനുള്ളില്‍ പാമ്പ് കയറിയെന്ന് ആശങ്ക പരന്നു. ഈ ദ്വാരം അടച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K