23 July, 2022 08:05:48 PM
ഒൻപതും പത്തും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; രണ്ട് കേസിലും ഇരട്ട ജീവപര്യന്തം
മലപ്പുറം: ഒമ്പതും പത്തും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് രണ്ട് ഇരട്ട ജീവ പര്യന്തം ശിക്ഷ. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്. പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശി റജീബാണ് ശിക്ഷിക്കപ്പെട്ടത്. ജീവപര്യന്തം തടവിന് പുറമേ തട്ടിക്കൊണ്ടു പോകൽ, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങൾക്ക് തടവും പിഴയും കോടതി വിധിച്ചു.
2012 മുതൽ 2016 വരെ ഉള്ള കാലത്ത് ആണ് പീഡനങ്ങൾ നടന്നത്. 9 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി 2014ൽ പെരിന്തൽമണ്ണ കക്കൂത്ത് ഉള്ള പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയിലും പ്രതിയുടെ സഹോദരന്റെ നിർമാണം നടക്കുന്ന വീട്ടിലും വെച്ച് നിരവധി തവണ അതി ഗുരുതരമായ ലൈംഗികാക്രമത്തിന് വിധേയമാക്കി. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് പുറമേ ഒരുലക്ഷം രൂപ പിഴയും തട്ടിക്കൊണ്ടുപോയ കുറ്റത്തിന് 10 വർഷം തടവും 10000 രൂപ പിഴയും കോടതി വിധിച്ചു. ലൈംഗിക അതിക്രമത്തിന് 7 വർഷം തടവിന് പുറമേ 10000 രൂപ പിഴയും പ്രതി കെട്ടിവെക്കണം. പെരിന്തൽമണ്ണ പോലീസ് 2016 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗം 14 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കി. പ്രതി ഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു.
10 വയസുള്ള കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആണ് പീഡിപ്പിച്ചത്. ഇരുമ്പ് കമ്പികൊണ്ട് വരയുമെന്നും കത്തികൊണ്ട് കോഴിയെ അറക്കുന്ന പോലെ അറുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. അതിഗുരുതരമായ ലൈംഗികാതിക്രമത്തിന് ആണ് ഈ കുട്ടി വിധേയയായത്. 2012 മുതൽ 2016 വരെ നിരവധി തവണ കുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതി. ഈ കേസിൽ പോക്സോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തം തടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തട്ടികൊണ്ടുപോയ കുറ്റത്തിന് 10 വർഷം തടവും 10,000 രൂപ പിഴയും ലൈംഗിക അതിക്രമത്തിന് 7 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ പോലീസ് 2016 ൽ രജിസ്റ്റർ ചെയ്ത കേസിൽ 20 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ കോടതി മുമ്പാകെ ഹാജരാക്കി. പ്രതി ഭാഗം മൂന്ന് സാക്ഷികളെ ആണ് വിസ്തരിച്ചത്.
ഇൻസ്പെക്ടർമാരായ എ എം സിദ്ദീഖ്, സാജു കെ എബ്രഹാം, ജോബി തോമസ് എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ ബി എ ആളൂർ ഹാജരായി.