18 July, 2022 09:58:05 PM


മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴല്‍പ്പണം കവർന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി



മലപ്പുറം: മഞ്ചേരിയിൽ 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി. എടവണ്ണ ചാത്തല്ലൂർ സ്വദേശി  ഉഴുന്നൻ അബ്ദുൽ നാസർ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങിയത്. കഴിഞ്ഞ മെയ് മാസം 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഴൽപ്പണവുമായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരിൽ വച്ച് മോട്ടോർസൈക്കിളിൽ വന്ന് ഇടിച്ചു വീഴ്ത്തി കണ്ണിൽ മുളക് പൊടിയെറിഞ്ഞാണ് ഇയാള് 50 ലക്ഷം രൂപ കവർന്നത്.

സംഭവത്തിനുശേഷം  തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു. നേരത്തെ കേസിലെ കൂട്ടു പ്രതിയെ ഡൽഹിയിൽ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പോലീസ് മുൻപാകെ  കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാൻ ആണ് പണം ഉപയോഗിക്കുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു. നിരവധി തവണ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴൽപ്പണം ആയതിനാലും പരാതി ഇല്ലാത്തതിനാലും  പ്രതി മുൻപ് എല്ലാം രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട  എല്ലാവരുടെയും  സാമ്പത്തിക സ്രോതസ്സ്  അന്വേഷിക്കുന്നതിനായി പോലീസ് എൻഫോസ്മെന്റ്  ഡയറക്ടറേറ്റ്  മുമ്പാകെ റിപ്പോർട്ട് നൽകും. 

മലപ്പുറം വളാഞ്ചേരിയില്‍ 40 ലക്ഷത്തി ആയിരം രൂപയുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് പിടിയിലായി. ബംഗളൂരുവില്‍ നിന്നും ബസ് മാര്‍ഗം വളാഞ്ചേരിയിലെത്തിച്ചതായിരുന്നു പണം. പ്രദേശത്തെ പ്രവാസികള്‍ക്ക് എത്തിക്കാനായാണ് പണം എത്തിച്ചതെന്നാണ് വിവരം. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ മാസങ്ങളിലായി 10 കോടിയിലധികം രൂപയാണ് വിവിധ പരിശോധനയില്‍ വളാഞ്ചേരി പോലീസ് പിടികൂടിയത്. പ്രദേശത്ത് കുഴല്‍പ്പണവേട്ട തുടരുമ്പോള്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്.

രണ്ട് ദിവസം മുൻപ് ശനിയാഴ്ച മലപ്പുറത്ത് മറ്റൊരു കുഴൽപ്പണ കവർച്ച കേസിലെ പ്രതിയെ പിടികൂടിയിരുന്നു. കഴിഞ്ഞ നവംബർ ഇരുപത്തിയാറിന്  മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിലെ പ്രതികളിൽ ഒരാളായ കണ്ണൂർ   സ്വദേശി, നായി കർണ്ണാണ്ടുകണ്ടി വീട്ടിൽ  മൊയ്തീൻ  മകൻ മുബാറക്  (27) ആണ് മലപ്പുറം പോലീസിൻ്റെ പിടിയിലായത്. കവർച്ചക്കുള്ള പ്ലാൻ തയ്യാറാക്കി ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടു ചെയ്ത ആളാണ് മുബാറക്. സംഭവത്തിന്‌ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലെ വാടക ക്വാർടേഴ്സിൽ  ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K