10 July, 2022 05:37:39 PM
പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി അസമില്‍ നിന്ന് തട്ടിക്കൊണ്ട് വന്നു; യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: അസം സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അസം നഗൗണിലെ സർക്കേ ബസ്തി വില്ലേജിലെ സിറാജുൽ ഹഖ്(23)നെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്.
രണ്ടുമാസം മുൻപ് സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ പ്രതി വിവാഹിതനാണെന്നത് മറച്ചുവച്ച് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി അസമിലെ സ്കൂൾ പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നു.
തുടർന്ന് പ്രതിയുടെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് രണ്ടുദിവസംപീഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെണ്‍കുട്ടി താൻ കേരളത്തിലുണ്ടെന്ന വിവരം വീട്ടുകാരെ അറിയിച്ചു.
തുടർന്നാണ് പെരിന്തൽമണ്ണയിൽ പോലീസ് കേസെടുത്തത്. കുട്ടിയെ പെരിന്തൽമണ്ണയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. പ്രതി പെരിന്തൽമണ്ണയിൽനിന്ന് അറസ്റ്റുചെയ്തു. പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.