19 June, 2022 05:26:46 AM
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ റിട്ട. അധ്യാപകൻ ശശികുമാർ വീണ്ടും അറസ്റ്റിൽ
മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ വിരമിച്ച അധ്യാപകനും മലപ്പുറം സിപിഎം നഗരസഭാ മുൻ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാറിനെ വീണ്ടും അറസ്റ്റ് ചെയ്തു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ മുൻ വിദ്യാർഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. മേയ് 13 നായിരുന്നു പൂർവവിദ്യാർഥികളുടെ പരാതിയിൽ ആദ്യം അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങി.
നിലവിൽ ഇയാൾക്കെതിരേ ഏഴു പരാതികൾ ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശശികുമാറിനെതിരെ പോക്സോ വകുപ്പ് പ്രകാരം എടുക്കുന്ന മൂന്നാമത്തെ കേസാണിത്. മറ്റു നാല് കേസ് പോക്സോ വരുന്നതിനു മുമ്പായതിനാൽ മറ്റു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പുതിയ പരാതിയിയിൽ പോലീസ് എഫ്ഐആറിൽ സംഭവം നടന്ന സ്ഥലമായ സ്കൂളിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മുൻകേസുകളിലും പോലീസിനെതിരെ സമാന ആരോപണമുയർന്നിരുന്നു. ആദ്യ രണ്ട് കേസിലും പോലീസ് അന്വേഷണം ധൃതിയിൽ പൂർത്തീകരിച്ചത് ശശികുമാറിന് വേഗത്തിൽ ജാമ്യം ലഭിക്കാൻ സഹായകമായി. നിലവിൽ ശശികുമാറിനെതിരെ ഏഴ് പരാതിയാണ് മലപ്പുറം വനിതാ സ്റ്റേഷനിൽ ലഭിച്ചത്.