12 June, 2022 10:12:43 AM
കറുപ്പിനെ മുഖ്യമന്ത്രിക്ക് പേടിയോ? മലപ്പുറത്തും കറുത്ത മാസ്ക് ഊരിച്ച് പോലീസ്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്ക് വിലക്കി പോലീസ്. മലപ്പുറം തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടന ചടങ്ങിന് കറുത്ത മാസ്ക് ധരിച്ചെത്തിയവരെ പോലീസ് തടഞ്ഞു. കറുത്ത മാസ്ക് അഴിപ്പിച്ച പോലീസ്, പകരം മഞ്ഞ മാസ്ക് നൽകി. യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന വിവരത്തെ തുടർന്നാണ് മാസ്കിലും പോലീസ് പിടിവീണത്.
ശനിയാഴ്ച കോട്ടയത്തും മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് വിലക്കിയിരുന്നു. എന്നാൽ കറുത്ത മാസ്കിന് വിലക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കർശന നിയന്ത്രണം തുടരാനാണ് പോലീസിന്റെ തീരുമാനം. മലപ്പുറത്തും കോഴിക്കോട്ടുമാണ് മുഖ്യമന്ത്രിക്ക് ഇന്ന് പരിപാടികളുള്ളത്. ഈ പരിപാടികളിൽ പങ്കെടുക്കുന്നവർ ഒരുമണിക്കൂർ മുമ്പ് എത്തണമെന്നും നിർദേശമുണ്ട്.