02 June, 2022 12:38:28 PM
ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം മലപ്പുറത്ത് പിടിയിൽ
മലപ്പുറം: ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയിലായി. പൂച്ചോലമാട് പുതുപ്പറമ്പില്‍ ഇബ്രാഹിം (33), അബ്ദുറഹ്മാന്‍ (29), റുമീസ് (23), ഗാന്ധിക്കുന്ന് പൂച്ചോലമാട് മണ്ണില്‍ഹൗസിലെ സുധീഷ് (23), താട്ടയില്‍ നാസിം (21) എന്നിവരെയാണ് വേങ്ങര പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വേങ്ങര അങ്ങാടിയിലെ കേക്ക് കഫെയില്‍ നിന്ന് ഭക്ഷണം കഴിച്ച അഞ്ചംഗ സംഘം ഭക്ഷണത്തിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ചു. തുടര്‍ന്ന് ഹോട്ടലുടമയുടെ ഫോണ്‍ നമ്പര്‍ വാങ്ങി മടങ്ങിയ ഇവര്‍ ഫോണ്‍ വിളിച്ച് ഉടമയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹോട്ടലിന് എതിരെ പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ നല്‍കണമെന്നായിരുന്നു ഭീഷണി.
കേക്ക് കഫെയില്‍ നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ ആണിവര്‍ കഴിച്ചത്. ഭക്ഷണം കഴിച്ചു കഴിയാറായപ്പോള്‍ അതില്‍ പഴകിയ രുചിയുണ്ടെന്ന് ആരോപിക്കുകയായിരുന്നു. ഹോട്ടലുടമയുമായുള്ള വിലപേശലിന് ഒടുവില്‍ 25,000 രൂപ നല്‍കിയാല്‍ പരാതി നല്‍കില്ലെന്ന് സംഘം അറിയിച്ചു. ഹോട്ടലിന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയിലാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. മൂന്നാഴ്ച മുമ്പ് ഭീഷണിക്ക് വഴങ്ങാതിരുന്ന വേങ്ങരയിലെ ഒരു ഹോട്ടല്‍ അഞ്ചംഗ സംഘം പൂട്ടിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.