17 May, 2022 06:13:53 PM


പട്ടയത്തിനുള്ള റിപ്പോര്‍ട്ടിന് 4000 രൂപ കൈക്കൂലി: വില്ലേജ് അസിസ്റ്റന്‍റ് പിടിയില്‍



മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയില്‍. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കെ സുബ്രഹ്‌മണ്യനാണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിനുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിന് 4000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവാസിയായ നിധിന്‍ റിപ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഞായറാഴ്ച നേരിട്ട് ഫോണില്‍ വിളിക്കാന്‍ പറഞ്ഞ് സുബ്രഹ്‌മണ്യന്‍ അപേക്ഷകനെ തിരിച്ചയച്ചു. ഞായറാഴ്ച ഫോണില്‍ വിളിച്ചപ്പോഴാണ് വില്ലേജ് ഓഫീസര്‍ക്ക് 2000 രൂപയും മറ്റുള്ളവര്‍ക്കായി 2000 രൂപയും കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

ഇതോടെ നിധിന്‍ ഫോണ്‍ റെക്കോഡ് സഹിതം വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് നിര്‍ദേശപ്രകാരം ചൊവ്വാഴ്ച ഉച്ചയോടെ നിധിന്‍ വില്ലേജ് ഓഫീസിലെത്തി പണം കൈമാറി. ഇതിനുപിന്നാലെയാണ് വിജിലന്‍സ് സംഘം സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K