12 April, 2022 04:19:44 PM


കന്നിയാത്രയിൽ വീണ്ടും അപകടം: കെ സ്വിഫ്റ്റ് ആഡംബര ബസ് മലപ്പുറത്ത്‌ അപകടത്തില്‍ പെട്ടു



മലപ്പുറം: ഇന്നലെ സർവീസ് തുടങ്ങിയ കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. മലപ്പുറം ചങ്കുവെട്ടിയില്‍ സ്വകാര്യ ബസുമായി ഉരസുകയായിരുന്നു. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

തമ്പാനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപത്താണ് ആദ്യം അപകടത്തിൽപ്പെട്ടത്. ലോറിയുമായി ഉരസി ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിരുന്നു. അപകടത്തെതുടര്‍ന്ന് ബസ് കെ.എസ്.ആർ.ടി.സിയുടെ വർക്ക്ഷോപ്പിലെത്തിച്ച് ഇളകിയ മിററിന് പകരമായി സാധാരണ കെഎസ്ആ‍ര്‍ടിസി ബസിന്‍റെ സൈഡ് മിറ‍ര്‍ ഘടിപ്പിച്ച് സര്‍വ്വീസ് തുടരുകയായിരുന്നു.

സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതില്‍ 8 എണ്ണം എസി സ്ളീപ്പറും, 20 എണ്ണം എസി  സെമി സ്ളീപ്പറുകളുമാണ്. കെ എസ് ആർ ടി സി യെ നവീകരിക്കാനുള്ള സർക്കാരിന്‍റെ ഏറ്റവും പുതിയ സംരംഭമാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ലിമിറ്റഡ്. പക്ഷെ ഗജരാജ വോൾവോ ആഡംബര ബസ് ആയതിനാല്‍ ചെറിയ അപകടം പോലും കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K