06 February, 2022 08:47:11 PM
ആദ്യരാത്രി കഴിഞ്ഞു മുങ്ങിയ ഭർത്താവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
മലപ്പുറം: വണ്ടൂരില്‍ ആദ്യരാത്രി കഴിഞ്ഞ ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പാണ് വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ പെൺകുട്ടിയെ കമറുദീൻ വിവാഹം കഴിച്ചത്. വിവാഹ ദിവസം പെൺകുട്ടിയുടെ വീട്ടില്‍ താമസിച്ച കമറുദ്ദീൻ ആദ്യരാത്രി കഴിഞ്ഞ് പുലര്‍ച്ചെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.
പിന്നീട് വിവിധ സ്ഥലങ്ങളില്‍ പെൺകുട്ടിയുടെ കുടുംബം ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തില്‍ കമറുദ്ദീൻ നല്‍കിയ വിലാസവും ശരിയല്ലെന്ന് മനസിലാക്കിയ പെൺകുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊണ്ടോട്ടിയില്‍ ഇയാള്‍ക്ക് മറ്റൊരു ഭാര്യയും കുടുംബവും ഉണ്ടെന്ന് കണ്ടെത്തി.ഇവിടെ നിന്നാണ് കമറുദ്ദീനെ പൊലീസ് പിടികൂടിയത്. ലൈംഗീക പീഡനമടക്കമുള്ള പരാതികളാണ് വണ്ടൂരിലെ പെൺകുട്ടി കമറുദ്ദീനെതിരെ നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്.