05 February, 2022 07:11:18 PM
സുഹൃത്തുക്കളോടൊപ്പം തൂതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം: പെരിന്തൽമണ്ണ തൂതപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. കരിങ്കല്ലത്താണി കൂരിക്കാടൻ മുറത്തിന്റെയും നൗഫിറയുടേയും മകൻ നജാഹ് (15) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ തൂത തെക്കേപ്പുറം പള്ളിക്കു സമീപത്തെ കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ നജാഹ് ഒഴുക്കിൽ പെടുകയായിരുന്നു.
ആദ്യം തൂതയിലെ ക്ലിനിക്കിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാജിഹ്,നജീഹ് എന്നിവർ സഹോദരങ്ങളാണ്.