03 December, 2021 05:24:20 PM
മദ്രസ വിദ്യാർത്ഥികളെ ചൂരല്‍കൊണ്ട് മർദിച്ച അധ്യാപകനെതിരെ കേസ്
മലപ്പുറം: നിലമ്പൂർ ചാലിയാർ വേട്ടേക്കോട് മദ്രസ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. 8 വയസുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കും ആണ് മർദ്ദനമേറ്റത്. എരുമമുണ്ട സ്വദേശി റഫീഖിനെതിരെ ആണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാഠ്യഭാഗങ്ങൾ കാണാതെ പഠിച്ച് പറഞ്ഞില്ല എന്നതാണ് മർദ്ദനത്തിന്റെ കാരണമായി പറയുന്നത്. കുട്ടികളുടെ കാലിൽ തുടയിലും കണങ്കാലിലും ചൂരൽ കൊണ്ടുള്ള അടിയേറ്റ് മുറിവ് പറ്റിയിട്ടുണ്ട്.
അതേസമയം അധ്യാപകനെതിരെ പരാതി നൽകാൻ ഉളള നീക്കത്തിൽ നിന്ന് ഒരു വിഭാഗം നാട്ടുകാർ രക്ഷിതാക്കളെ പിന്തിരിപ്പിച്ചു. എന്നാൽ അടിയേറ്റ കുട്ടികളുടെ ദൃശ്യങ്ങൾ പ്രാദേശിക സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇത് കണ്ട് നിലമ്പൂർ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകന് എതിരെ കേസ് എടുത്തത്. എരുമമുണ്ട സ്വദേശി റഫീഖ് മുക്കട്ട ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപകനാണ്. ഇയാൾ സേവനം എന്ന രീതിയിൽ ആണ് മദ്രസ്സയിലും പഠിപ്പിക്കുന്നത്. റഫീഖ് ഇതിനും മുൻപും കുട്ടികളെ ഇത് പോലെ ക്രൂരമായി മർദിച്ചിട്ടുണ്ട് എന്ന പരാതിയും ഉയരുന്നുണ്ട്.