17 November, 2021 12:45:02 PM
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടി കൂടിയത് ഏഴര കിലോ സ്വർണം
മലപ്പുറം: രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്ന് 3.71 കോടി രൂപ വിലവരുന്ന ഏഴര കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസും ഡി.ആര്‍.ഐയും ചേര്‍ന്ന് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ മൂന്നംഗ സംഘത്തിന്‍റെ കൈയ്യില്‍നിന്നും മറ്റ് രണ്ട് യാത്രക്കാരില്‍നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. അടുത്തിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടകളില്‍ ഒന്നാണ് ഇത്. കാര്‍ഡ്ബോര്‍ഡ് പെട്ടികളുടെ പാളികള്‍ക്കുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് മൂന്നംഗ സംഘത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.
മൂന്നംഗ സംഘത്തിലെ ബഷീര്‍ (46) എന്നയാളില്‍ നിന്ന് 80.5 ലക്ഷം വിലവരുന്ന 1628 ഗ്രാം സ്വര്‍ണവും തൃശ്ശൂര്‍ സ്വദേശി ആല്‍ബിന്‍ ജോര്‍ജില്‍ നിന്ന് 83.75 ലക്ഷം രൂപ വിലവരുന്ന 1694 ഗ്രാം സ്വര്‍ണവും ഊര്‍ക്കാട്ടേരി സ്വദേശിയായ നാസര്‍ ചെമ്പൊലിയില്‍ നിന്ന് 84.61 ലക്ഷം രൂപ വിലവരുന്ന 1711 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് മാത്രം അഞ്ച് കിലോഗ്രാമിലധികം സ്വര്‍ണം പിടിച്ചെടുത്തു.
മറ്റു രണ്ട് യാതക്കാരില്‍നിന്ന് എയര്‍ ഇന്‍റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ ഖാദറി (60)ല്‍ നിന്ന് 29.5 ലക്ഷം വിലവരുന്ന 598 ഗ്രാം സ്വര്‍ണവും തൃശ്ശൂര്‍ സ്വദേശിയായ നിഥിന്‍ ജോര്‍ജില്‍ നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1114 ഗ്രാമും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1760 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. വന്‍ തോതില്‍ സ്വര്‍ണം കടത്തുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം കസ്റ്റംസിന് ലഭിച്ചിരുന്നു. ഡി.ആര്‍.ഐ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരും.