05 November, 2021 10:52:04 AM
ഫോണ്‍രേഖകള്‍ ചോർത്തി ഭർത്താവിന് നൽകി ; അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി
മലപ്പുറം: തന്റെ ഫോണ്‍രേഖകള്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ചോര്‍ത്തിയെന്ന് വീട്ടമ്മയുടെ പരാതി. ഫോണ്‍ രേഖകള്‍ ചോര്‍ത്തി തന്റെ ഭര്‍ത്താവിന് കൈമാറിയെന്നാണ് പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെയാണ് പരാതി. മലപ്പുറം എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള വകുപ്പ് തല അന്വേഷണത്തില്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തു.
യുവതിയുടെ പരാതിയില്‍ പറയുന്നത് പ്രകാരം ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ടാണ് എസ്പി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് എസ്പി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. ഇത് പ്രകാരം എസ്പി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തി. ചോര്‍ത്തിയ വിവരങ്ങള്‍ ഭര്‍ത്താവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
എസ്പിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ഡിജിപിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിയിട്ടുണ്ട്. കോഴിക്കോട് ചേവായൂര്‍ കൂട്ടബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ മറവിലാണ് എസ്പി തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.