26 October, 2021 03:45:06 PM
കൊണ്ടോട്ടി പീഡനശ്രമം; പോലീസ് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരൻ കുറ്റം സമ്മതിച്ചു
മലപ്പുറം: കൊണ്ടോട്ടിയിൽ കോളജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരൻ കുറ്റം സമ്മതിച്ചു. ആക്രമണത്തിനിരയായ പെൺകുട്ടിയുടെ നാട്ടുകാരനാണ് പ്രതി. ഇയാളുടെ ശരീരത്തിൽ പരിക്കുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജിലേക്ക് പോകുകയായിരുന്ന 21കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന പ്രതി പെൺകുട്ടിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
കുതറിമാറി രക്ഷപ്പെട്ട പെൺകുട്ടിയെ ഇയാൾ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.