04 October, 2021 03:11:32 PM
ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരിയെ കയറ്റാതെ പോയ 'ആനവണ്ടി' തിരിച്ചോടിയത് 60 കിലോമീറ്റര്‍
എടപ്പാൾ: ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി പനവേലില്‍ സ്വദേശി ഇനൂജയ്ക്കായി ആനവണ്ടി തിരിച്ചോടിയത് 60 കിലോമീറ്റര്‍. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് കെ എം സി ടി സ്‌കൂളിലെ അധ്യാപികയായ ഇനൂജ നാട്ടിലേക്ക് പോകുന്നതിനായി കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തു. ഏഴ് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 8.30ന് എടപ്പാള്‍ എത്തുമെന്നായിരുന്നു കണ്ടക്ടര്‍ പറഞ്ഞത്.
ഇതനുസരിച്ച് ഇനൂജ എടപ്പാള്‍ കണ്ടനകം കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പിനടുത്തുള്ള സ്റ്റോപ്പിലാണ് കാത്തുനിന്നത്. ഇതിനിടെ നിരവധി തവണ കാത്തുനില്‍ക്കുന്ന വിവരം കണ്ടക്ടറെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഏറെ സമയം കഴിഞ്ഞും ബസ് കാണാതിരുന്ന ഇനൂജ വീണ്ടും വിളിച്ചപ്പോള്‍ ബസ് എടപ്പാള്‍ വിട്ടെന്നും, ബസ് എത്തി നില്‍ക്കുന്ന സ്ഥലം കൃത്യമായി പറയാതെ ഉടനെ തന്നെ ഓട്ടോ പിടിച്ചു ചെല്ലണമെന്നുമായിരുന്നു കണ്ടക്ടറുടെ മറുപടി.
ഇതോടെ ഇനൂജ ചങ്ങരംകുളം, പൊന്നാനി പോലീസ് സ്‌റ്റേഷനുകളിലും കെഎസ്ആർടിസിയുടെ തിരുവനന്തപുരം ഓഫീസിലും വിളിച്ചു വിവരമറിയിച്ചു. ആസ്ഥാനത്ത് പരാതി ലഭിച്ചതോടെ ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് ബസ് രാത്രി പത്തരയോടെ എടപ്പാളില്‍ തിരിച്ചെത്തി ഇനൂജയെ കയറ്റി പോവുകയായിരുന്നു.