27 May, 2021 06:56:43 AM
അകാരണമായി പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് അയച്ച് മലപ്പുറം പൊലീസ്
മലപ്പുറം: അകാരണമായും സത്യവാങ്മൂലം, പാസ് എന്നിവ ഇല്ലാതെയും പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി മലപ്പുറം പൊലീസ്. ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായുള്ള പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമാണ് നടപടി. കഴിഞ്ഞ ദിവസം മാത്രം 136 പേരെയാണ് ജില്ലയിൽ ഇത്തരത്തിൽ പരിശോധനയ്ക്ക് അയച്ചത്.
ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങിയെന്നു തെളിയിക്കുന്നതാണ് കുറഞ്ഞുവരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.മെയ് 13 ന് 42 ശതമാനം ഉണ്ടായിരുന്നത് മെയ് 26 ആയപ്പോഴേക്കും 21.62 ശതമാനം ആയി കുറഞ്ഞു. വിമർശനങ്ങൾ ഉയരുമ്പോഴും പൊലീസ് എടുക്കുന്ന കർശന നടപടികൾ ആണ് ഇവിടെ നിർണായകമാകുന്നത്. ജില്ലയിൽ വ്യാപക കോവിഡ് പരിശോധന പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പൊലീസും പരിശോധന നടപടിക്ക് സഹായമാകുന്ന നിലപാട് നടപ്പാക്കുന്നത്. പൊലീസ് നിർദേശിക്കുന്ന വ്യവസ്ഥകൾ ഒന്നും പാലിക്കാതെ പുറത്ത് കറങ്ങാൻ ഇറങ്ങുന്നവരെ ആൻ്റിജൻ പരിശോധനക്ക് അയക്കുകയാണ് പുതിയ നടപടി.
ജില്ലയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും കോവിഡ് പരിശോധന ഉണ്ട് എന്നത് കൊണ്ട് തന്നെ മിന്നൽ വേഗത്തിൽ ആണ് നടപടികൾ. ഓരോ മേഖലയിലെയും പ്രദേശ വാസികളെ ആണ് പരിശോധനക്ക് അയക്കുന്നത്. അതേസമയം പൊലീസ് പലയിടത്തും ആളുകളെ കയ്യേറ്റം ചെയ്തതായും ലാത്തിയും ചൂരലും ഉപയോഗിച്ച് മർദ്ദിച്ചതായും പരാതികൾ ഉയരുന്നുണ്ട്. കൂട്ടിലങ്ങാടി ഇറച്ചി വാങ്ങാൻ ഇറങ്ങിയ വ്യക്തിയെ പൊലീസ് ലാത്തി ഉപയോഗിച്ച് മർദിച്ചു എന്നാണ് ബുധനാഴ്ച ഉയർന്ന പരാതി.
മൂന്ന് ദിവസം കൊണ്ട് 70,000 ലെറെ പേർക്ക് ആണ് മലപ്പുറം ജില്ലയിൽ കോവിഡ് പരിശോധന നടത്തിയത്. സാമൂഹ്യ വ്യാപനം മനസ്സിലാക്കുക ആയിരുന്നു ഇതിൻ്റെ ലക്ഷ്യം. ഈ പരിശോധന ഫലങ്ങൾ പുറത്ത് വരാൻ തുടങ്ങിയതോടെ ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാൻ തുടങ്ങിയത്. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിൽ എത്തുന്നു എന്ന സൂചന തന്നെ ആണ് കണക്കുകൾ നൽകുന്നത്. ഇതേ നില തുടർന്നാൽ അടുത്ത ആഴ്ചയോടെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കാനാവുമെന്ന് കലക്ടർ കെ. ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എങ്ങിനെയാണു ജില്ലയിൽ രോഗ വ്യാപനം കൂടുന്നത് എന്ന് മനസിലാക്കാൻ ലോക് ഡൗൺ സഹായിച്ചു എന്നാണ് അധികൃതർ പറയുന്നത് . പുറത്ത് നിന്നല്ല വീടുകൾക്ക് ഉള്ളിൽ നിന്നാണ് വ്യാപനം നടന്നത്. രോഗ ബാധിതരായ ആളുകൾ വീടുകൾക്ക് ഉള്ളിൽ ക്വാറന്റൈൻ പാലിക്കാത്തത് ആണ് കാരണം. അത് കൊണ്ട് തന്നെ നിഷ്കർഷിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്ത വീടുകളിൽ ഇനി ക്വാറന്‍റീൻ അനുവദിക്കില്ല. കോവിഡ് സ്ഥിരീകരിച്ചവരെ നിർബന്ധമായും കോവിഡ് കേന്ദ്രങ്ങളിലേക്ക് മാറ്റും. ജില്ലയിൽ ആവശ്യത്തിന് സൗകര്യം ഇപ്പൊൾ ഉണ്ട്. 10,000 ബെഡ് വരെ ഒരുക്കാൻ ആണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.