24 May, 2021 05:40:53 AM
മയക്കുമരുന്ന് ഇടപാട് ഓൺലൈനിലൂടെയും: 'എസ് കമ്പനി' എന്ന സംഘത്തിലെ 8 പേർ അറസ്റ്റിൽ
മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട്ടില്‍ നിന്നുള്ള മദ്യം എന്നിവയാണ് പിടികൂടിയത്. എട്ടു പേരെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ കോഴിച്ചെന പരേടത്ത് വീട്ടില്‍ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍കുഴി വീട്ടില്‍ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കല്‍ വീട്ടില്‍ സുഹസാദ് (24), വലിയ പറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ വീട്ടില്‍ അഹമ്മദ് സാലിം (21), വളവന്നൂര്‍ വാരണക്കര സൈഫുദ്ധീന്‍ (25), തെക്കന്‍ കുറ്റൂര്‍ മേപ്പറമ്പത്ത് രഞ്ജിത്ത് (21), പുതുക്കുടി റിയാസ് (40) എന്നിവരാണ് പിടിയിലായത്.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലോക്ഡൗണ്‍ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് താനൂര്‍ ഡി.വൈ.എസ്.പി. എം.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം വിദഗ്ധമായി ലഹരി മാഫിയാ സംഘത്തെ വലയിലാക്കിയത്. ഇവരുടെ പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
ബെംഗളൂരുവില്‍ നിന്ന് ചരക്ക് വാഹനങ്ങളിലും മരുന്നുകള്‍ കൊണ്ടു വരുന്ന വാഹനങ്ങളിലുമായി ആണ് ഇവര്‍ മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് ചെറിയ പാക്കറ്റുകള്‍ ആക്കി 500, 2500, 4000 രൂപകളുടെ പായ്ക്കറ്റുകളാക്കിയാണ് വില്‍പന. 'എസ് ' കമ്പനി എന്നറിയപ്പെടുന്ന ഈ സംഘം നേരിട്ടറിയുന്നവര്‍ക്ക് മാത്രമേ ലഹരി ഉത്പന്നങ്ങള്‍ നല്‍കൂ.
ബെംഗളൂരുവില്‍ നിന്നു സിന്തറ്റിക് ഡ്രഗ് കൊണ്ടുവരുന്നവര്‍ ആളൊഴിഞ്ഞ സ്ഥലത്തു സാധനം വെച്ച് അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ ഏജന്റുമാര്‍ക്ക് അയച്ചു നല്‍കും. ഏജന്റ് സാധനം വാങ്ങിക്കഴിഞ്ഞാല്‍ ഫോട്ടോ ഡിലീറ്റു ചെയ്യും. ഓണ്‍ലൈനായാണ് പണമിടപാട്. ഇത്തരത്തില്‍ ശേഖരിച്ച എം.ഡി.എം.എ. വൈലത്തൂര്‍ -കരിങ്കപ്പാറ റോഡില്‍ വെച്ച് കേസിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും കാറില്‍ വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്താണ് അന്വേഷണ സംഘം പിടികൂടിയത്.