22 March, 2021 10:35:18 AM
മല്ലിക ചെടികളുടെ കൂട്ടത്തില്‍ കഞ്ചാവ് വളര്‍ത്തിയ അസം സ്വദേശി മലപ്പുറത്ത് പിടിയില്‍
മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിക്ക് സമീപം ക്വാർട്ടേഴ്സ് പരിസരത്ത് നട്ടുവളര്‍ത്തിയ അഞ്ചോളം കഞ്ചാവ് ചെടികളുമായി അസം സ്വദേശിയെ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേര്‍ന്ന് പിടികൂടി. അസം കാര്‍ട്ടിമാരി സ്വദേശി അമല്‍ ബര്‍മനാണ് (34) പിടിയിലായത്. രണ്ടുവര്‍ഷമായി കിഴിശ്ശേരിയിലെ വിവിധ വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ച് ചെങ്കല്‍ ക്വാറികളിൽ ജോലി ചെയ്യുകയായിരുന്നു. ഇതിന്റെ മറവിൽ ലഹരി വിൽപനയും നടത്തി. നാട്ടില്‍ പോയി വരുന്ന സമയം ഇയാളും കൂട്ടാളികളും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്നിരുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഇവർ നിരീക്ഷണത്തിലായിരുന്നു.
മല്ലിക ചെടികളുടെ കൂട്ടത്തിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞയാഴ്ച കിഴിശ്ശേരിയിൽ വ്യാജ സിദ്ധനിൽനിന്ന് നാല് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.പി. ഷംസ്, കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷറഫ് എന്നിവരുടെ നിർദേശ പ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പി. ചന്ദ്രമോഹന്, എസ്.ഐ കെ.ആര്. റെമിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ് എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഐ സുബ്രഹ്മണ്യന്, ചന്ദ്രന് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.