14 March, 2021 06:44:41 PM
മുന്‍ കാലിക്കറ്റ് വിസി ഡോ. അബ്ദുല്‍ സലാം തിരൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ. അബ്ദുല്‍ സലാം തിരൂരില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കും. യു.ഡി.എഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുല്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാകുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തോട് വിമുഖത കാണിച്ചിരുന്ന അബ്ദുല്‍ സലാം ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണം എന്ന അഭിപ്രായങ്ങളും ആ കാലത്ത് പങ്കുവെച്ചിരുന്നു.
അബ്ദുല്‍ സലാം വിസി ആയിരിക്കെയാണ് സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ത്ഥി, അധ്യാപക സര്‍വീസ് സംഘടനകള്‍ വി.സിയുടെ നിലപാടുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതേ കാലയളവിലാണ് കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോപ്ലക്‌സില്‍ ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ പരിപാടി നടത്തിയത്. ഇതിനെതിരെ അന്ന് രൂക്ഷ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിക്ക് പുറമേ ഒട്ടേറെ അപ്രതീക്ഷിത സ്ഥാനാര്‍ഥികളാണ് ബി.ജെ.പി.സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. കോണ്‍ഗ്രസ് വിട്ടുവന്ന പന്തളം പ്രതാപന്‍ അടൂരില്‍ നിന്ന് ബി.ജെ.പിക്കായി ജനവിധി തേടും. മാവേലിക്കരയില്‍ ബി.ജെ.പിക്കായി മത്സരിക്കുന്നത് സി.പി.എം അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്ന കെ സഞ്ജു ആണ്.
സംസ്ഥാന നിയമസഭയിലേക്കുള്ള ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോള്‍ 115 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാകും മത്സരിക്കുക. ഇ ശ്രീധരൻ പാലക്കാട് സ്ഥാനാർഥിയാകും. കുമ്മനം രാജശേഖരൻ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്..