10 February, 2021 05:58:40 PM


വീട്ടില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി; രക്ഷിതാക്കള്‍ കസ്റ്റഡിയില്‍



നിലമ്പൂര്‍: ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ വീട്ടില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. മതിയായ ഭക്ഷണമില്ലാതെ അവശനിലയിലായ കുട്ടികളുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. തമിഴ്നാട് സ്വദേശികൾ ആയ രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


നിലമ്പൂരിന് അടുത്ത് മമ്പാടാണ് സംഭവം. ആറും നാലും വയസുള്ള കുട്ടികളെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഉള്ള വാടക മുറിയിൽ ആയിരുന്നു പൂട്ടിയിട്ടിരുന്നത്. രാവിലെ ജോലിക്ക് പോകുമ്പോൾ ഇവർ മുറി പൂട്ടിയിടും. വൈകുന്നേരം ആണ് തുറക്കുക. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശി ആണ് കുട്ടികളെ പൂട്ടിയിട്ട് പോകുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തിയത്.

ക്രൂരത അറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിൽ നിന്നും രക്ഷപ്പെടുത്തുമ്പോൾ അതീവ അവശ നിലയിൽ ആയിരുന്നു കുട്ടികൾ. കുട്ടികളെ പൂട്ടിയിട്ടിരുന്നത്. രക്ഷപ്പെടുത്തുമ്പോള്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാതെ ക്ഷീണിതരായിരുന്നു. കുട്ടികളെ പൂട്ടിയിട്ട ശേഷമാണ് രക്ഷിതാക്കള്‍ ജോലിക്ക് പോയിരുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു.


തമിഴ്‌നാട് സ്വദേശികള്‍ ആയ തങ്കരാജും മാരിയമ്മുവും മാസങ്ങള്‍ക്ക് മുന്‍പ് ആണ് മമ്പാട് എത്തിയത്. തങ്കരാജിന്റെ രണ്ടാം ഭാര്യ ആണ് മാരിയമ്മു. ഇരുവരെയും നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതിക്രൂര മർദ്ദനം ആണ് കുട്ടികൾക്ക് ഏൽക്കേണ്ടി വന്നത്. കണ്ണ് തുറക്കാൻ കഴിയാത്ത നിലയിൽ ആണ്. ദേഹം മുഴുവൻ അടി കൊണ്ട പാടുകൾ ഉണ്ട്. രണ്ടാനമ്മ ആണ് മർദ്ദിക്കാറുള്ളത് എന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു.


കുട്ടികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ് പ്രവേശിപ്പത്. കുട്ടികളുടെ ശരീരത്തില്‍ മര്‍ദ്ദനം ഏറ്റതിന്റെ പാടുകളാണുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൊള്ളലേറ്റതിന്റെ പാടുകളും ഉണ്ട്. മതിയായ ഭക്ഷണം കിട്ടാത്തതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ളതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തതായി ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ അഡ്വ. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K