12 May, 2016 02:18:21 AM


കൂറുമാറ്റം: മുന്‍ ബ്ലോക്ക് പഞ്ചായത്തംഗത്തിന് അയോഗ്യത

തൃശ്ശൂര്‍ : മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിരിക്കെ കൂറുമാറിയ സുജ ശ്രീകുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അയോഗ്യയാക്കി ഉത്തരവായി. 2010-ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച സുജ ശ്രീകുമാര്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് സി.പി.ഐ വിട്ട് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബി.ജെ.പി) ചേര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി കെ.കെ.വത്സരാജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കൂറുമാറ്റം തടയുന്നതിനുളള നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമാണ് നടപടി സ്വീകരിച്ചിട്ടുളളത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവര്‍ക്ക് ആറു വര്‍ഷത്തേക്ക് വിലക്കും കല്‍പ്പിച്ചിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K